Kozhikode
ഇനി മൂല്യം മതിക്കാനാകാത്ത ദിനരാത്രങ്ങള്‍
റമസാന്‍ അവസാന പത്ത് ദിവസങ്ങളില്‍ സത്കര്‍മങ്ങള്‍ ധാരാളമായി വര്‍ധിപ്പിക്കല്‍ പ്രത്യേകം സുന്നത്താണ്.
വിശുദ്ധ മാസം അതിന്റെ മൂന്നില്‍ രണ്ട് ഭാഗങ്ങളും പിന്നിട്ട് അവസാന പത്തിലേക്ക് കടന്നിരിക്കുന്നു. കാരുണ്യത്തിന്റെയും പാപമോചനത്തിന്റെയും നല്ല രാപകലുകളെല്ലാം കഴിഞ്ഞുപോയി. ഇനി നരകമുക്തിയുടെ ദിവസങ്ങളാണ്.
റമസാന്‍ അവസാന പത്ത് ദിവസങ്ങളില്‍ സത്കര്‍മങ്ങള്‍ ധാരാളമായി വര്‍ധിപ്പിക്കല്‍ പ്രത്യേകം സുന്നത്താണ്.
ദാന ധര്‍മങ്ങള്‍ പെരുപ്പിക്കലും വീടുകളില്‍ സമൃദ്ധമായ ഭക്ഷണങ്ങള്‍ പാകം ചെയ്യലും അടുത്ത കുടുംബക്കാര്‍ക്കും അയല്‍ക്കാര്‍ക്കും നന്മകള്‍ ചെയ്തുകൊടുക്കലും നബി(സ)യുടെ ചര്യയാണെന്നും അതുപ്രകാരം നമ്മളും പ്രവര്‍ത്തിക്കുന്നത് പ്രതിഫലാര്‍ഹമാണെന്നും കര്‍മശാസ്ത്ര പണ്ഡിതര്‍ പഠിപ്പിക്കുന്നുണ്ട്.
ഇനിയുള്ള ദിനരാത്രങ്ങളില്‍ ഖുര്‍ആന്‍ പാരായണം വര്‍ധിപ്പിക്കലും നോന്പ് തുറപ്പിക്കുന്നതും വലിയ പുണ്യമാണ്. നോമ്പുകാര്‍ക്ക് ഭക്ഷണം നല്‍കാന്‍ സാധിക്കുമെങ്കില്‍ അങ്ങനെയും അല്ലാത്തവര്‍ നോമ്പ് തുറക്കാനാവശ്യമായ വെള്ളം നല്‍കിക്കൊണ്ടെങ്കിലും ആ പവിത്രത കൈവരിക്കണമെന്ന് പറയുന്നതില്‍ നിന്ന് അതിന്റെ ശ്രേഷ്ഠത മനസ്സിലാക്കാവുന്നതാണ്. ഇഅ്തികാഫും (പള്ളികളില്‍ സമയം ചെലവഴിക്കല്‍) മറ്റ് ആരാധനാ കര്‍മങ്ങളും റമസാനിന്റെ ഒടുവിലെ പത്തില്‍ ധാരാളമായി ചെയ്യല്‍ പ്രത്യേകം സുന്നത്തുണ്ട്.
നരക ശിക്ഷക്ക് വിധിക്കപ്പെട്ടവരെ നരകത്തില്‍ നിന്ന് മോചിപ്പിക്കുന്ന ദിവസങ്ങളാണിനിയുള്ളത്.
അല്ലാഹുവിനോട് വിട്ടുവീഴ്ച കിട്ടാനായി കേണപേക്ഷിക്കലും നരക മോചന പ്രാര്‍ഥനയുമാണ് ഇനിയുള്ള ദിവസങ്ങളില്‍ വിശ്വാസികള്‍ സദാസമയവും ഉരുവിട്ടു കൊണ്ടിരിക്കേണ്ടത്.
ദിവസങ്ങളില്‍ ഏറ്റവും പുണ്യമുള്ള ലൈലതുല്‍ ഖദ്റ് പ്രതീക്ഷിക്കേണ്ടതും ഇനിയുള്ള ദിവസങ്ങളില്‍ തന്നെയാണ്. ആയിരം മാസത്തിന്റെ പവിത്രതയുള്ള ഒരൊറ്റ രാത്രിയാണത്. അന്ന് ആരാധനയില്‍ മുഴുകുന്നവര്‍ക്ക് അതിന്റ പുണ്യം ലഭിക്കും. ഏത് ദിവസമാണതെന്ന് വ്യക്തമായി എവിടെയും പരാമര്‍ശിക്കപ്പെട്ടിട്ടില്ലെങ്കിലും റമസാന്‍ അവസാനത്തെ നാളുകളില്‍ അത് സംഭവിക്കാനുള്ള സാധ്യതയേറെയാണെന്ന് പല റിപോര്‍ട്ടുകളുമുണ്ട്.
റമസാനിലെ അവസാനത്തെ പത്തില്‍ നബി(സ) പള്ളിയില്‍ ഇഅ്തികാഫ് ഇരിക്കാറുണ്ടായിരുന്നുവെന്നും ലൈലതുല്‍ ഖദ്റിനെ റമസാനിന്റെ അവസാനത്തെ പത്തില്‍ പ്രതീക്ഷിച്ചു കൊള്ളുക എന്ന് അവിടുന്ന് നിര്‍ദേശിക്കാറുണ്ടായിരുന്നുവെന്നും ആഇശ (റ) പറഞ്ഞതായി ബുഖാരിയും മുസ്്‌ലിമും റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
റമസാന്‍ അവസാനത്തോടടുത്താല്‍ നബി (സ) രാത്രി ആരാധനകളില്‍ മുഴുകാറായിരുന്നു പതിവ്. നിസ്‌കാരങ്ങളിലും മറ്റ് സത്കര്‍മങ്ങളിലും വ്യാപൃതരാകാനായി ഭാര്യയെ വിളിച്ചുണര്‍ത്താറുണ്ടായിരുന്നു. ആരാധനകള്‍ക്കായി അരയുടുപ്പ് മുറുക്കിയുടുത്ത് ഒരുങ്ങാറുണ്ടായിരുന്നുവെന്നും ഹദീസുകളില്‍ കാണാം.
അല്ലാഹുവിന്റെ പ്രവാചകരടക്കം കാര്യമായി പരിഗണന നല്‍കി സുകൃതങ്ങള്‍ പെരുപ്പിച്ച മൂല്യം മതിക്കാനാകാത്ത നിമിഷങ്ങളാണിനി റമസാനില്‍ അവശേഷിക്കുന്നത്. അതൊരിക്കലും അനാവശ്യമായി ചെലവഴിക്കാതിരിക്കുക. സത്കര്‍മങ്ങളൊന്ന് പോലും നഷ്ടപ്പെടാതെ സൂക്ഷിക്കുക. റമസാന്‍ കൊണ്ട് വിജയം കൈവരിക്കാന്‍ നമുക്ക് സാധിക്കട്ടെ.