Connect with us

Kerala

സംസ്ഥാനത്ത് പകല്‍ താപനില ഉയര്‍ന്നേക്കും; ജാഗ്രതാ നിര്‍ദ്ദേശം

വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ സാധാരണയേക്കാള്‍ രണ്ടു ഡിഗ്രി മുതല്‍ മൂന്നു ഡിഗ്രി വരെ താപനില ഉയരാനാണ് സാധ്യത

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഇന്നും പകല്‍ താപനില ഉയരാന്‍ സാധ്യത. കേന്ദ്ര കാലാവസ്ഥാ വകുപ്പ് വടക്കന്‍ കേരളത്തില്‍ പ്രത്യേക ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

വടക്കന്‍ കേരളത്തില്‍ ഒറ്റപ്പെട്ട ഇടങ്ങളില്‍ സാധാരണയേക്കാള്‍ രണ്ടു ഡിഗ്രി മുതല്‍ മൂന്നു ഡിഗ്രി വരെ താപനില ഉയരാനാണ് സാധ്യത. ഇന്നലെ രാജ്യത്തെ ഉയര്‍ന്ന ചൂട് കണ്ണൂര്‍ വിമാനത്താവളത്തില്‍ രേഖപ്പെടുത്തി. 36.8 ഡിഗ്രി ആണ് കണ്ണൂര്‍ വിമാനത്താവളത്തില്‍ രേഖപ്പെടുത്തിയ ചൂട്. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു.

പകല്‍ 11 മുതല്‍ മൂന്നു വരെ നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടര്‍ച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കണം. പരമാവധി ശുദ്ധജലം കുടിക്കുക, അയഞ്ഞ ഇളം നിറത്തിലുള്ള കോട്ടണ്‍ വസ്ത്രങ്ങള്‍ ധരിക്കുക തുടങ്ങി നിരവധി നിര്‍ദേശങ്ങള്‍ നല്‍കുന്നു. ഇതിനിടെ സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴ ലഭിക്കാനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ നാളെ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.