Kerala
ഡിസിസി പട്ടിക: ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്ന് ഉമ്മന്‍ ചാണ്ടി
തന്റെ പേര് ഈ വിഷയത്തിലേക്ക് അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും അദ്ദേഹം
കോട്ടയം | ഡി സി സി അധ്യക്ഷപട്ടികയില്‍ വിയോജിപ്പ് പരസ്യമാക്കി മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ ഉമ്മന്‍ ചാണ്ടിയും രംഗത്ത്. സംസ്ഥാനത്ത് ഫലപ്രദമായ ചര്‍ച്ച നടത്തിയിരുന്നുവെങ്കില്‍ ഇതിനേക്കാള്‍ നല്ല അന്തരീക്ഷം ഉണ്ടാക്കാന്‍ സാധിക്കുമായിരുന്നുവെന്നും ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ ഒന്നും നടത്തിയില്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മുമ്പ് ഫലപ്രദമായ ചര്‍ച്ചകള്‍ സംസ്ഥാനത്ത് നടത്തിയാണ് പട്ടിക തയ്യാറാക്കിയിരുന്നത്. സംസ്ഥാനത്ത് ചര്‍ച്ച നടത്തിയ ശേഷം തര്‍ക്കവിഷയം ഹൈക്കമാന്‍ഡിന് വിടുകയായിരുന്നു പതിവ്. എന്നാല്‍ ഇവിടെ അതുണ്ടായില്ല. ചര്‍ച്ചകള്‍ നടത്തുമെന്ന് അവസാനംവരെ പറഞ്ഞുവെന്നല്ലാതെ അത് നടന്നില്ല. ആലോചിച്ച് തയ്യാറാക്കിയിരുന്നെങ്കില്‍ പ്രശ്‌നങ്ങള്‍ ഒഴിവാക്കാമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തന്റെ പേര് ഈ വിഷയത്തിലേക്ക് അനാവശ്യമായി വലിച്ചിഴക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. എന്നുവെച്ച് അത് ദുരുപയോഗം ചെയ്യുന്ന സ്ഥിതി ഉണ്ടാകരുത്. എന്തും ചെയ്യാം എന്ന നിലപാട് ശരിയല്ല. വിശദീകരണം ചോദിക്കുക എന്നത് ജനാധിപത്യ രീതിയാണ് എന്നും ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു.