Kerala
ഡി സി സി ട്രഷററുടെ ആത്മഹത്യ; ആദ്യമായി വീടു സന്ദര്‍ശിക്കാന്‍ വി ഡി സതീശന്‍
സാമ്പത്തിക ഇടപാടില്‍ നേതാക്കള്‍ക്കെതിരെ കുരുക്ക് മുറുകുന്നതിനിടെയാണ് സന്ദര്‍ശനം
വയനാട് | കോണ്‍ഗ്രസ് നേതൃത്വത്തില്‍ നടന്ന ഗുരുതമായ സാമ്പത്തിക ഇടപാടുകള്‍ ആരോപിച്ച് ആത്മഹത്യ ചെയ്ത ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്റെ വീട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നാളെ സന്ദര്‍ശിക്കും.
മരണം പാര്‍ട്ടിക്ക് കനത്ത ആഘാതമായ സാഹചര്യത്തില്‍ ഇതാദ്യമായാണ് വി ഡി സതീശന്‍ എന്‍ എം വിജയന്റെ വീട്ടിലെത്തുന്നത്. വിജയന്‍ എഴുതിയ കത്ത് കുടുംബം വായിച്ചു കേള്‍പ്പിച്ചപ്പോള്‍ കത്തില്‍ വ്യക്തതയില്ലെന്ന് വി ഡി സതീശനും കുടുംബത്തിന് അന്തവും കുന്തവും ഇല്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരനും പറഞ്ഞത് വിവാദമായിരുന്നു.
നാളെ സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാന്‍ നിശ്ചയിച്ച സാഹചര്യത്തിലാണ് തിരക്കിട്ട സന്ദര്‍ശനത്തിന് വി ഡി സതീശന്‍ തീരുമാനിച്ചത്. കേസില്‍ പോലീസ് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുകയും ആത്മഹത്യ കുറിപ്പിലും ഒപ്പം പുറത്ത് വന്ന കത്തിലും പ്രതികളെ കുറിച്ചുള്ള പരാമര്‍ശം പാര്‍ട്ടി നേതാക്കളുടെ സാമ്പത്തിക ഇടപാടുകള്‍ക്ക് തെളിവാകുകയും ചെയ്യുന്ന സാഹചര്യത്തിലാണ് വി ഡി സതീശന്റെ സന്ദര്‍ശനം.
കേസുമായി ബന്ധപ്പെട്ട് ഇത് വരെ 30 പേരുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. വിജിലസ് അന്വേഷണവും കേസുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്. സംഭവത്തില്‍ ആത്മഹത്യ പ്രേരണകുറ്റം ചുമത്തപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. ഐ സി ബാലകൃഷ്ണനെയും എന്‍ ഡി അപ്പച്ചനെയും പതിനഞ്ച് വരെ അറസ്റ്റ് ചെയ്യരുതെന്നാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി കഴിഞ്ഞ ദിവസം വാക്കാല്‍ നിര്‍ദേശം നല്‍കിയത്.