Kerala
ഡി സി സി ട്രഷറര്‍ മകനോടൊപ്പം ജീവനൊടുക്കിയ സംഭവം; ഐ സി ബാലകൃഷ്ണനെ ഇന്ന് ചോദ്യം ചെയ്യും
ഡിവൈ എസ് പി ഓഫീസില്‍ വച്ച് ചോദ്യം ചെയ്യല്‍ പൂര്‍ത്തീകരിച്ചതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം
ബത്തേരി | വയനാട് ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്‍ മകനോടൊപ്പം ജീവനൊടുക്കിയ സംഭവത്തില്‍ ആത്മഹത്യ പ്രേരണയുമായി ബന്ധപ്പെട്ട് പ്രതിചേര്‍ത്ത മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഐ സി ബാലകൃഷ്ണന്‍ എം എല്‍ എയെ ഇന്ന് ചോദ്യം ചെയ്യും.
ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ബത്തേരി ഡിവൈ എസ് പി അബ്ദുല്‍ ഷെരീഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആവശ്യപ്പെട്ടത്. ആത്മഹത്യപ്രേരണ കുറ്റം ചുമത്തപ്പെട്ട ഐസി ബാലകൃഷ്ണന്‍ തിരുവന്തപുരത്തുനിന്ന് ഇന്ന് രാവിലെ വയനാട്ടില്‍ എത്തുമെന്നാണ് അറിയിച്ചത്.
ഡിവൈ എസ് പി ഓഫീസില്‍ വച്ച് ചോദ്യം ചെയ്യല്‍ പൂര്‍ത്തീകരിച്ചതിനു ശേഷം അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് വിവരം. മുന്‍കൂര്‍ ജാമ്യമുള്ളതിനാല്‍ വിട്ടയക്കും. ചോദ്യം ചെയ്യലിന് കോടതിയുടെ അനുമതിയുമുണ്ട്. ഡി സി സി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന്റെയും കെ കെ ഗോപിനാഥിന്റെയും അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. മൂന്ന് ദിവസമാണ് ഇവരെ ചോദ്യം ചെയ്തത്. ഗോപിനാഥിന്റെ വീട്ടില്‍ പരിശോധന ഉള്‍പ്പടെ നടത്തി.
വിഷയത്തില്‍ പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ് സി പി എം. ഏരിയ തലങ്ങളില്‍ വാഹന പ്രചാരണ ജാഥയും ബത്തേരിയില്‍ മനുഷ്യ ചങ്ങലയും സംഘടിപ്പിക്കാനാണ് സി പി എം തീരുമാനിച്ചത്.