Kerala
ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യ; മകന്‍ വിജേഷിന്റെ മൊഴിയെടുത്ത് വിജിലന്‍സ്
വിജയന്റെ ആത്മഹത്യയില്‍ വിജേഷും മറ്റ് കുടുംബാംഗങ്ങളും കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു.
കല്‍പ്പറ്റ | വയനാട് ഡി സി സി ട്രഷറര്‍ എന്‍ എം വിജയന്റെ ആത്മഹത്യയില്‍ മകന്‍ വിജയന്റെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തി. മീനങ്ങാടി വിജിലന്‍സ് ഓഫീസില്‍ നേരിട്ടെത്തിയാണ് വിജയന്‍ മൊഴി നല്‍കിയത്.
വിജയന്റെ ആത്മഹത്യയില്‍ വിജേഷും മറ്റ് കുടുംബാംഗങ്ങളും കോണ്‍ഗ്രസ്സ് നേതാക്കള്‍ക്കെതിരെ രംഗത്തെത്തിയിരുന്നു. അച്ഛന്റെ വാക്കിന്റെ പുറത്താണ് പ്രതിപക്ഷ നേതാവ് വി ഡി സതീശനെ കാണാന്‍ പോയതെന്ന് വിജേഷ് പറഞ്ഞു. എന്നാല്‍, പാര്‍ട്ടി നേതാവ് പറയേണ്ട രീതിയിലല്ല സതീശന്‍ തന്നോട് സംസാരിച്ചത്. ഭീഷണിപ്പെടുത്തേണ്ട കാര്യം തനിക്കില്ല. അച്ഛന്‍ പറഞ്ഞതാണ് താന്‍ ചെയ്തത്. പാര്‍ട്ടി നേതാക്കളില്‍ നിന്നും നീതി പ്രതീക്ഷിക്കുന്നില്ല. വിജേഷ് ഭീഷണി സ്വരത്തില്‍ സംസാരിച്ചുവെന്ന് വി ഡി സതീശന്‍ പ്രതികരിച്ചിരുന്നു.
വി ഡി സതീശനും കെ പി സി സി അധ്യക്ഷന്‍ കെ സുധാകരനും കത്തുകള്‍ നല്‍കിയിരുന്നുവെന്ന് കുടുംബം പറയുന്നു. കത്ത് കിട്ടിയിട്ടുണ്ടെന്ന് സതീശനും പിന്നീട് മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്‍ എം വിജയന്‍ കടക്കാരനായത് പാര്‍ട്ടിക്ക് വേണ്ടിയാണെന്നാണ് കുടുംബത്തിന്റെ ആരോപണം. കെ സുധാകരനെ കത്ത് വായിച്ച് കേള്‍പ്പിച്ചിരുന്നു. കത്തില്‍ വ്യക്തത ഇല്ലെന്നും പാര്‍ട്ടിയെ കുറിച്ചല്ല ആളുകളെ കുറിച്ചാണ് പരാമര്‍ശമെന്നുമായിരുന്നു സതീശന്റെ പ്രതികരണം.
ഐ സി ബാലകൃഷ്ണനെയും എന്‍ ഡി അപ്പച്ചനെയും കത്തുകളെ കുറിച്ച് അറിയിച്ചിരുന്നുവെന്നും കുടുംബം ആരോപിക്കുന്നു. പേരുകള്‍ പരാമര്‍ശിച്ച കത്ത് കണ്ടതിനു ശേഷം രണ്ട് ഇവരുടെ സമീപനം മാറുകയായിരുന്നുവെന്നും കുടുംബം പറഞ്ഞു.