Kerala
ഡെ. തഹസിൽദാർ നാടുവിട്ടത് പോക്സോ കേസിൽ കുടുക്കുമെന്ന ഭീഷണിയെ തുടർന്ന്; മൂന്ന് പേർ കസ്റ്റഡിയിൽ
2024 ഒക്‌ടോബർ പത്തിനും 26 ഇടയിലായി പത്ത് ലക്ഷത്തിലധികം രൂപ തഹസിൽദാറിൽ നിന്ന് സംഘം തട്ടിയെടുത്തെന്നാണ് പരാതി.
മലപ്പുറം | രണ്ട് ദിവസം കാണാതായി പിന്നീട് തിരിച്ചെത്തിയ തിരൂർ ഡെപ്യൂട്ടി തഹസിൽദാറുടെ ‘തിരോധാന’ത്തിൽ വഴിത്തിരിവ്. പോക്‌സോ കേസിൽ ഉൾപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഒരു സംഘം തഹസിൽദാറിൽ നിന്ന് ലക്ഷങ്ങൾ തട്ടിയെടുത്തതായി പരാതി. വീണ്ടും പണം ആവശ്യപ്പെട്ടതിനെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദത്തെ തുടർന്നാണ് നാടുവിട്ടതെന്നും തഹസിൽദാർ പരാതിയിൽ പറയുന്നു. സംഭവത്തിൽ മൂന്ന് പേരെ പോലിസ് കസ്റ്റഡിയിലെടുത്തു. രണ്ടത്താണി സ്വദേശികളായ അജ്മൽ , ഫൈസൽ,ഷെഫീഖ് എന്നിവരാണ് പിടിയിലായത്.
തിരൂർ പൂക്കൈത സ്വദേശിയും തിരൂർ താലൂക്ക് ഓഫിസിലെ ഡെപ്യൂട്ടി തഹസിൽദാർ പി.ബി ചാലിബിനെയാണ് രണ്ട് ദിവസം മുമ്പ് കാണാതായത്. തഹസിൽദാർക്കായി തിരച്ചിൽ തുടരുന്നതനിടെ അദ്ദേഹം ഇന്നലെ രാത്രി വീട്ടിൽ തിരിച്ചെത്തി. തുടർന്നാണ് പൊലിസിനോട് ഞെട്ടിക്കുന്ന വിവരം ചാലിബ് വെളിപ്പെടുത്തിയത്.
2024 ഒക്‌ടോബർ പത്തിനും 26 ഇടയിലായി പത്ത് ലക്ഷത്തിലധികം രൂപ തഹസിൽദാറിൽ നിന്ന് സംഘം തട്ടിയെടുത്തെന്നാണ് പരാതി. വീണ്ടും പണം ആവശ്യപ്പെട്ട് സംഘം നിരന്തരമായി ശല്യം ചെയ്തതിനെ തുടർന്ന് കടുത്ത മാനസിക സമ്മർദ്ദത്തിലകപ്പെടുകയും നാടുവിടുകയുമായിരന്നുവെന്ന് ചാലിബ് പോലീസിന് മൊഴി നൽകി.
തിരൂർ ഡി.വൈ.എസ്.പി ഇ.ബാലകൃഷണനാണ് അന്വേഷണ ചുമതല.