Articles
ജീവാമൃതം വെറുതെ കളയാനുള്ളതല്ല
ഭൂമിയില്‍ എല്ലാവര്‍ക്കും ഒരുപോലെ ആവശ്യമായ വിഭവങ്ങളെ നാം കരുതലോടെ വേണം ഉപയോഗിക്കാന്‍. നമ്മുടെ അമിതവ്യയം മറ്റൊരാളുടെ ഉപഭോഗത്തെ ഹനിക്കുന്ന രീതിയിലാകരുത്. അത്തരം അമിത ഉപയോഗം സാമൂഹിക ക്ഷേമത്തിന് ഏറ്റവും വലിയ വിലങ്ങുതടി കൂടിയാണ്. ജലത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ കേവലം ഉപഭോഗം എന്നതിനപ്പുറം അത് ജീവന്റെ പ്രഥമ ഉപാധിയാണ്.
ഐക്യ രാഷ്ട്ര സഭയുടെ സുസ്ഥിര വികസന നയങ്ങളില്‍ ആറാമത്തേത് ജല സംരക്ഷണമാണ്. മനുഷ്യന്റെ നിലനില്‍പ്പിനെ ഏറ്റവുമധികം സ്വാധീനിക്കുന്ന പ്രകൃതി വിഭവമായത് കൊണ്ടാണ് സുസ്ഥിര വികസന നയങ്ങളില്‍ ജലം ഒരു പ്രധാന മൂലകമായി കടന്നുവരുന്നത്. ജലം സൂക്ഷിച്ച് ഉപയോഗിക്കുന്നതിലൂടെ വരും തലമുറയുടെ ജീവിതോപാധി കൂടി നമുക്ക് സംരക്ഷിക്കാന്‍ കഴിയുമെന്ന വസ്തുതയിലേക്ക് കൂടെയാണ് സുസ്ഥിര വികസന നയം ഊന്നല്‍ നല്‍കുന്നത്.
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ശുദ്ധജലം ലഭിക്കാതെ 220 കോടി ജനങ്ങള്‍ ജീവിക്കുന്നുണ്ട്. അത്രയധികം ആളുകള്‍, ജലം ലഭിക്കാതെ ചികിത്സ തേടുകയും ചെയ്യുന്നു. ഡചകഇഋഎന്റെ കണക്കുകള്‍ പ്രകാരം പ്രതിവര്‍ഷം, അഞ്ച് വയസ്സില്‍ താഴെയുള്ള 2,97,000 കുട്ടികള്‍ ശുദ്ധജലം ലഭിക്കാതെ മരണത്തിന് കീഴടങ്ങുന്നു. ഡചകടഉഞന്റെ കണക്കുകള്‍ പറയുന്നത് ലോകത്ത് നടക്കുന്ന പ്രകൃതി ദുരന്തങ്ങളില്‍ 90 ശതമാനവും ജല കേന്ദ്രീകൃതമാണെന്നാണ്. 80 ശതമാനം മലിന ജലവും കൃത്യമായി കളയാതെയും വീണ്ടും ഉപയോഗിക്കാതെയും പ്രകൃതിയില്‍ പ്രശ്നങ്ങളുണ്ടാക്കുന്നുവെന്ന് 2017ലെ യുനെസ്‌കോയുടെ കണക്കുകളും തെളിയിക്കുന്നു. ഈ കണക്കുകളെല്ലാം ജലസംരക്ഷണത്തിന്റെ പ്രാധാന്യത്തെയാണ് സൂചിപ്പിക്കുന്നത്.
കേട്ടാല്‍ അത്ഭുതമെന്ന് മാത്രം തോന്നാവുന്ന കാര്യങ്ങളായിരുന്നു ജല ദാരിദ്ര്യത്തെയും ദൗര്‍ലഭ്യതയെയും കുറിച്ച് കഴിഞ്ഞ കാലങ്ങളില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും നാം അറിഞ്ഞുകൊണ്ടിരുന്നത്. എന്നാല്‍, അതിവിദൂരമല്ലാത്ത ഭാവിയില്‍ ആശ്ചര്യകരമായ ജലദൗര്‍ലഭ്യം നമ്മെയും പിടികൂടിയേക്കാമെന്ന ദൗര്‍ഭാഗ്യകരമായ അവസ്ഥയിലേക്കാണ് നാടും നഗരവും നീങ്ങിക്കൊണ്ടിരിക്കുന്നത്. അങ്ങനെയൊരു വേനലും വരള്‍ച്ചയുമാണ് നമ്മെ ഉറ്റുനോക്കുന്നത്. നേരിട്ടനുഭവിക്കുമ്പോള്‍ മാത്രമാണ് അറിഞ്ഞ കണക്കുകളെല്ലാം കെട്ടുകഥകളല്ലെന്ന് നമുക്ക് ബോധ്യപ്പെടുക.
ഭൂമിയുടെ 70 ശതമാനം ജലമാണ്. ഇത്രയും വിശാലമായ ജലസമ്പത്ത് ഭൂമിയിലുണ്ടായിരിക്കെ എങ്ങനെയാണ് വരള്‍ച്ച നമ്മെ ബാധിക്കുന്നത്? സാധാരണ ഗതിയില്‍ മനുഷ്യനും മറ്റും കുടിക്കാനുപയോഗിക്കുന്ന വെള്ളം ആകെ ജല സമ്പത്തിന്റെ ആറ് ശതമാനം മാത്രമേ വരൂ. ഭൂമിയില്‍ ആകെ ലഭ്യമായ ജലത്തിന്റെ മൂന്നില്‍ ഒരു ഭാഗം മാത്രമാണ് ശുദ്ധ ജലമായിട്ടുള്ളത്. അതില്‍ തന്നെ ഏറിയ പങ്കും നമ്മുടെ അനിയന്ത്രിതമായ കൈകടത്തല്‍ മൂലം ഇന്ന് മലിനീകരിക്കപ്പെട്ടിരിക്കുകയാണ്. ഇവിടെയാണ് ശുദ്ധ ജലത്തിന്റെ പ്രാധാന്യത്തെയും അതിന്റെ സംരക്ഷണത്തെയും കുറിച്ച് നാം ഗൗരവമായി ആലോചിക്കേണ്ടത്.
കരുതലോടെ ഉപയോഗിക്കാം
ഭൂലോകത്ത് ഏറ്റവും കൂടുതല്‍ ജലമുപയോഗിക്കുന്നത് മനുഷ്യരാണ്. കേവലം കുടിക്കാന്‍ വേണ്ടി മാത്രമല്ല. മറ്റ് അനേകായിരം ആവശ്യങ്ങള്‍ക്കും നമുക്കിന്ന് ജലം ഒഴിച്ചുകൂടാനാവാത്തതായിരിക്കുന്നു. ഭൂമിയില്‍ നാഥന്‍ സൃഷ്ടിക്കുന്ന ജീവജാലങ്ങളുടെ ഉപയോഗത്തിനുള്ള വസ്തുക്കളെ മാത്രമേ ഇവിടെ അവന്‍ സംവിധാനിച്ചിട്ടുള്ളൂ. അതിനാല്‍ തന്നെ അമിതമായി ഉപയോഗിക്കുന്ന ഓരോ തുള്ളി വെള്ളവും വരുംകാലത്തേക്കുള്ള കരുതിവെപ്പിനെയാണ് ബാധിക്കുന്നത്.
കാര്‍ഷിക മേഖലയിലെ ജലസേചന സംവിധാനങ്ങള്‍ പാരമ്പര്യ രീതിയില്‍ നിന്ന് മാറി ചെറിയ തുള്ളികളായി മാത്രം വീഴുന്ന ഉൃശു കൃൃശഴമശേീി സംവിധാനത്തിലേക്ക് മാറണം. മരങ്ങള്‍ നട്ടു പിടിപ്പിക്കണം. വെള്ളം ലഭിക്കുന്ന സ്ഥലങ്ങളുടെ അടുത്ത് മരം നട്ടുപിടിപ്പിക്കുന്നതിലൂടെ ബാഷ്പീകരണത്തിലൂടെയും മറ്റും ജലം നഷ്ടപ്പെടുന്നത് ഒഴിവാക്കാന്‍ സാധിക്കും. ജല മലിനീകരണമുണ്ടാകുന്ന സംവിധാനങ്ങള്‍ക്കെതിരെ ശക്തമായ നിയമ നടപടികളെടുക്കാന്‍ സര്‍ക്കാര്‍ തന്നെ മുന്നോട്ടുവരണം. വരള്‍ച്ച നേരിടുന്ന പ്രദേശങ്ങളിലേക്ക് കനാലുകള്‍, പൈപ്പുകള്‍ വഴി ജലമെത്തിക്കാന്‍ സാധിക്കണം. ഇത്തരത്തില്‍ നമുക്കിടയിലെ സംവിധാനങ്ങളില്‍ മാറ്റം വരുത്തുന്നതിലൂടെ ഒരു പരിധി വരെ ജലത്തെ ഭാവി തലമുറക്ക് കൂടി കൈമാറാന്‍ സാധിക്കും.
ഒരുമയോടെ സംരക്ഷിക്കാം
ഭൂമിയില്‍ എല്ലാവര്‍ക്കും ഒരുപോലെ ആവശ്യമായ വിഭവങ്ങളെ നാം കരുതലോടെ വേണം ഉപയോഗിക്കാന്‍. നമ്മുടെ അമിതവ്യയം മറ്റൊരാളുടെ ഉപഭോഗത്തെ ഹനിക്കുന്ന രീതിയിലാകരുത്. അത്തരം അമിത ഉപയോഗം സാമൂഹിക ക്ഷേമത്തിന് ഏറ്റവും വലിയ വിലങ്ങുതടി കൂടിയാണ്. ഇറ്റാലിയന്‍ സാമ്പത്തിക ശാസ്ത്രജ്ഞനായ വില്‍ഫ്രടൊ പരെറ്റൊ ക്ഷേമത്തെ കുറിച്ച് സംസാരിക്കുന്നിടത്ത് മുന്നോട്ടുവെക്കുന്ന ഒരു ഉപഭോഗ രീതിയുണ്ട്. അത് മേല്‍ പറഞ്ഞ പോലെ നമ്മുടെ ഉപഭോഗം മറ്റൊരാള്‍ക്ക് പ്രയാസമുണ്ടാക്കുന്ന രീതിയില്‍ ആവാതിരിക്കുക എന്നതാണ്. ജലത്തെ കുറിച്ച് സംസാരിക്കുമ്പോള്‍ കേവലം ഉപഭോഗം എന്നതിനപ്പുറം അത് ജീവന്റെ പ്രഥമ ഉപാധി കൂടിയാണ്.
നിര്‍ജീവമായ ഭൂമിയെ വെള്ളം കൊണ്ട് നാം ജീവനുള്ള ഒന്നാക്കി മാറ്റിയെന്ന് അല്ലാഹു ഖുര്‍ആനില്‍ പറയുന്നുണ്ട് (നഹ്ല്‍-65). മരങ്ങള്‍ക്കും മൃഗങ്ങള്‍ക്കും പക്ഷികള്‍ക്കും അങ്ങനെ തുടങ്ങി ഭൂമിയിലെ സകലമാന വസ്തുക്കള്‍ക്കും വെള്ളം അനിവാര്യമായ ഒന്നാണ്. ഈ അനിവാര്യതയാണ് ജല സംരക്ഷണത്തെ സുസ്ഥിര വികസന നയങ്ങളില്‍ പ്രധാനപ്പെട്ട ഒന്നായി കണക്കാക്കാന്‍ നിര്‍ബന്ധിപ്പിക്കുന്നതും. ഭൂമിയില്‍ ജീവന്റെ നിലനില്‍പ്പിന് ആധാരമായ ജലത്തെ സംവിധാനിച്ചത് അല്ലാഹുവാണ്. ‘ആകാശത്തു നിന്ന് നാം നിശ്ചിത അളവില്‍ വെള്ളം ചൊരിയുകയും എന്നിട്ട് അതിനെ നാം ഭൂമിയില്‍ തങ്ങിനില്‍ക്കുന്നതാക്കുകയും ചെയ്തിരിക്കുന്നു’ (അല്‍മുഅ്മിനൂന്‍) എന്ന ഖുര്‍ആനിക വാക്യം ഈ സത്യത്തെയാണ് വിളംബരം ചെയ്യുന്നത്.
നമ്മുടെ വീട്ടുമുറ്റത്തുള്ള കിണറിലുള്ള വെള്ളത്തിന്റെ പൂര്‍ണ അവകാശി നാം മാത്രമല്ല, നമ്മുടെ അയല്‍വാസികള്‍ക്കും അതില്‍ അവകാശമുണ്ട്. നമ്മുടെ അധീനതയിലുള്ള കുളത്തിലും കിണറിലും നമ്മുടെ ആവശ്യം കഴിഞ്ഞും വെള്ളമുണ്ടെങ്കില്‍ അവ ഇല്ലാത്തവര്‍ക്ക് നല്‍കണം. വലിയ പുണ്യമാവുമത്. മുന്‍ഗാമികള്‍ ദൈവപ്രീതിക്ക് വേണ്ടിയും മരണപ്പെട്ടവരുടെ പാരത്രിക നന്മക്കു വേണ്ടിയും കിണര്‍ കുഴിച്ച് വഖ്ഫ് ചെയ്ത് പൊതുജനത്തിന് വിട്ടുനല്‍കിയവരായിരുന്നു. സഅ്ദ്(റ) തന്റെ മാതാവ് മരണപ്പെട്ടപ്പോള്‍ അവരുടെ പേരില്‍ ദാനധര്‍മം ചെയ്യാനുള്ള ആഗ്രഹം തിരുദൂതരോട് പറയുകയുണ്ടായി. ഉമ്മയുടെ പേരില്‍ കിണര്‍ കുഴിച്ച് നല്‍കാനാണ് അദ്ദേഹത്തോട് തിരുദൂതര്‍(സ) ഉപദേശിച്ചത്.
കൂട്ടായ ശ്രമങ്ങളിലൂടെ മാത്രമേ ജല സംരക്ഷണം പൂര്‍ണാര്‍ഥത്തില്‍ വിജയിക്കുകയുള്ളൂ. അതില്‍ ഏറ്റവും ആദ്യമായി മാതൃകയാകേണ്ടത് നാം ഓരോരുത്തരുമാണ്. കുടിക്കുന്നതിനെക്കാളെല്ലാം നാമിന്ന് ജലം ഉപയോഗിക്കുന്നത് ശുദ്ധീകരണ പ്രവര്‍ത്തനങ്ങള്‍ക്കാണ്. സ്വശരീരവും വസ്ത്രവും പാര്‍പ്പിടവും വാഹനവുമെല്ലാം വൃത്തിയോടെ സംരക്ഷിക്കാന്‍ ഓരോ ദിവസവും നാമെത്ര ജലമാണ് വിനിയോഗിക്കുന്നത്. പലപ്പോഴും അത്യാവശ്യത്തില്‍ കവിഞ്ഞ് ഉപയോഗിക്കുന്നുണ്ടെന്നത് നമുക്ക് തന്നെ ബോധ്യപ്പെടാറുണ്ട്.
നമ്മുടെ വീട്ടില്‍ ജലത്തിന്റെ ഉപയോഗം പരമാവധി നിയന്ത്രിക്കാന്‍ വേണ്ടി വീട്ടിലെ പൈപ്പ്, ഷവര്‍, ടോയ്്‌ലറ്റ് തുടങ്ങി ജലവുമായി ബന്ധപ്പെട്ട് കിടക്കുന്ന മുഴുവന്‍ വസ്തുക്കളും ജലോപയോഗം നിയന്ത്രിക്കുന്ന വിധത്തില്‍ അപ്ഡേറ്റ് ആയിട്ടുണ്ടെന്ന് ഉറപ്പുവരുത്തണം. ഷവര്‍ ഉപയോഗിക്കുന്നതിലൂടെ ഓരോ മിനുട്ടിലും 2,770.4 ക്യൂബിക് ഇഞ്ച് വെള്ളം നാം ഉപയോഗിക്കുന്നുണ്ട്. വുളൂഅ് ചെയ്യാനും മറ്റും ഉപയോഗിക്കുന്ന ടാപ്പുകള്‍ ഫോഴ്‌സ് കുറഞ്ഞതാക്കുക. ടോയ്്‌ലറ്റുകളില്‍ കിണ്ടിയോ ഹെല്‍ത്ത് ഫോസറ്റോ നിര്‍ബന്ധമായും ശീലിക്കുക. ശുചീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗിക്കുന്ന വെള്ളം ശേഖരിച്ച് ചെടി നനക്കാനും മറ്റും ഉപയോഗിക്കുക. സോപ്പിന്റെയും ഡിറ്റര്‍ജന്റുകളുടെയും ഉപയോഗം പരമാവധി കുറക്കുകയും അവയുടെ അംശങ്ങള്‍ വെള്ളത്തില്‍ കലരാതിരിക്കാന്‍ ശ്രമിക്കുകയും ചെയ്യുക തുടങ്ങിയ കാര്യങ്ങളിലൂടെ ജലം മിതമായി ഉപയോഗിക്കാനും പുനരുപയോഗിക്കാനും നാം ശീലിച്ചേ മതിയാവൂ.
ഐക്യ രാഷ്ട്ര സംഘടനയുടെ വേള്‍ഡ് വാട്ടര്‍ ഡെവലപ്‌മെന്റ്‌റിപോര്‍ട്ടിന്റെ ചീഫ് എഡിറ്റര്‍ കൂടിയായ റിക്കാര്‍ഡ് കൊന്നോര്‍ ലോക ജലദിനവുമായി ബന്ധപ്പെട്ട് നല്‍കിയ സന്ദേശം നാം ഓരോരുത്തരും ഇരുന്ന് ആലോചിക്കേണ്ട ഒന്നാണ്. ‘ജലസംരക്ഷണം എന്നത് ഓരോ വ്യക്തികള്‍ക്കും ചെറിയ കാര്യമാണെങ്കിലും കൂട്ടായ ശ്രമങ്ങളുണ്ടാകുമ്പോള്‍ അതൊരു വലിയ കാര്യം തന്നെയാണ്. ഒരു പുഴ സംരക്ഷിക്കുമ്പോള്‍ കേവലമൊരു പുഴ മാത്രമല്ല നാം സംരക്ഷിക്കുന്നത്. മറിച്ച്, ഒരു ആവാസവ്യവസ്ഥയുടെ മുഴുവന്‍ സംരക്ഷണം കൂടിയാണ് നാം ഉറപ്പുവരുത്തുന്നത്’.