National
ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി; പുനപ്പരിശോധനാ ഹരജി നല്‍കാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍
ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചതിനെതിരെയാണ് ഹരജി നല്‍കുക.

ന്യൂഡല്‍ഹി | ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി നിശ്ചയിച്ച സുപ്രീം കോടതി വിധിക്കെതിരെ പുനപ്പരിശോധനാ ഹരജി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഗവര്‍ണര്‍ക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ചതിനെതിരെയാണ് ഹരജി നല്‍കുക.
ആഭ്യന്തര മന്ത്രാലയം സുപ്രീം കോടതിയില്‍ ഹരജി നല്‍കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു. ജസ്റ്റിസുമാരായ ജെ ബി പര്‍ഡിവാല, ആര്‍ മഹാദേവന്‍ എന്നിവരുടെ ബഞ്ചിനാണ് ഹരജി നല്‍കുക.
ഗവര്‍ണറുടെ പരിഗണനയ്ക്കായി മാറ്റിവച്ചിരിക്കുന്ന ബില്ലുകള്‍, അത്തരം റഫറന്‍സ് ലഭിച്ച തീയതി മുതല്‍ മൂന്ന് മാസത്തിനുള്ളില്‍ രാഷ്ട്രപതി തീരുമാനിക്കണമെന്നാണ് സുപ്രീം കോടതി നിര്‍ദേശം. ഈ കാലയളവിനപ്പുറം എന്തെങ്കിലും കാലതാമസം ഉണ്ടായാല്‍, ഉചിതമായ കാരണങ്ങള്‍ രേഖപ്പെടുത്തുകയും ബന്ധപ്പെട്ട സംസ്ഥാനത്തെ അറിയിക്കുകയും വേണം. ഉന്നയിക്കാവുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിക്കൊണ്ട് സംസ്ഥാനങ്ങള്‍ സഹകരിക്കുകയും സഹകരണം നല്‍കുകയും കേന്ദ്ര സര്‍ക്കാര്‍ നല്‍കുന്ന നിര്‍ദേശങ്ങള്‍ വേഗത്തില്‍ പരിഗണിക്കുകയും വേണമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു.