International
പാക് സൈനിക ആസ്ഥാനത്ത് ചാവേർ സ്ഫോടനം; 23 സൈനികർ കൊല്ലപ്പെട്ടു
ആറ് ഭീകരരും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്.
ഇസ്‍ലാമാബാദ് | പാകിസ്താൻ സൈനിക ആസ്ഥാനത്ത് ചാവേർ സ്ഫോടനത്തിൽ 23 പേർ കൊല്ലപ്പെട്ടു. അഫ്ഗാൻ അതിർത്തിക്ക് സമീപം ഖൈബർ പഖ്തൂൻഖ്വ പ്രവിശ്യയിലെ ദേര ഇസ്മയിൽ ഖാൻ ജില്ലയിൽ സ്ഥിതി ചെയ്യുന്ന സൈനിക ആസ്ഥാനത്താണ് സ്ഫോടനമുണ്ടായത്. 27 പേർക്ക് പരുക്കേറ്റു. തെഹ്‍രീകെ ജിഹാദ് പാകിസ്താൻ ഭീകര സംഘടന ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു.
ചൊവ്വാഴ്ച പുലർച്ചെ സൈനികർ ഉറങ്ങിക്കിടക്കവെയാണ് ആക്രമണം നടന്നത്. സൈനിക ആസ്ഥാനത്തേക്ക് ഇരച്ചുകയറാനുള്ള ഭീകരരുടെ ശ്രമം തടഞ്ഞതോടെ, സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം സൈനിക ആസ്ഥാനത്തേക്ക് ഭീകരർ ഇടിച്ചുകയറ്റുകയായിരുന്നു. ആറ് ഭീകരരും ആക്രമണത്തിൽ കൊല്ലപ്പെട്ടിട്ടുണ്ട്. സൈനിക ആസ്ഥാനത്തിന്റെ മൂന്ന് മുറികൾ ആക്രമണത്തിൽ പൂർണമായും തകർന്നു.
ഉറങ്ങുന്ന സമയത്ത് സൈനികർ സാധാരണ വേഷത്തിലായതിനാൽ അപകടത്തിൽപെട്ടവരെ തിരിച്ചറിയാൻ വൈകി. പരിക്കേറ്റവരുടെ നില ഗുരതരമായതിനാൽ മരണസംഖ്യ ഉയരാനാണ് സാധ്യത. ആക്രമണത്തെ കുറിച്ച് പാക്സൈന്യം പ്രതികരിച്ചിട്ടില്ല.
2021ൽ താലിബാൻ അഫ്ഗാനിസ്താന്റെ ഭരണം പിടിച്ചെടുത്തത് മുതൽ അതിർത്തിമേഖലകളിൽ ആക്രമണം വർധിക്കുകയാണ്. ജനുവരിയിൽ പെഷവാറിന്റെ വടക്കുപടിഞ്ഞാറൻ നഗരത്തിലെ പള്ളിയിലുണ്ടായ ആക്രമണത്തിൽ 80ലേറെ പോലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു.തെഹ്‍രീകെ താലിബാൻ ഭീകരസംഘടനയായിരുന്നു ഈ ആക്രമണവും നടത്തിയത്.