Connect with us

International

മാരകപ്രഹര ശേഷിയുള്ള ബോംബാക്രമണത്തിൽ ഗസ്സയിൽ മൃതദേഹങ്ങൾ ആവിയായിപ്പോയി; ഭയാനക വെളിപ്പെടുത്തലുമായി യു എൻ ഉന്നതോദ്യോഗസ്ഥൻ

'ആശുപത്രി അറവുശാല പോലെ, എല്ലായിടത്തും രക്തക്കളം'

Published

|

Last Updated

ഗസ്സ | ഗസ്സയിൽ ഇസ്‌റാഈൽ നടത്തുന്ന കൊടുംക്രൂരതയുടെ ഭയാനകത വെളിപ്പെടുത്തി യു എൻ ഉന്നത ഉദ്യോഗസ്ഥൻ. ജപ്പാനിലെ നാഗസാക്കിയിൽ 1945ൽ യു എസ് സേന അണുബോംബ് വർഷിച്ചതിന് ശേഷമുള്ള അവസ്ഥയാണ് ഇസ്രാഈൽ ആക്രമണം നടത്തിയ ഗസ്സയിലെ അൽ-മവാസി അഭയാർഥി ക്യാമ്പിലെന്ന് ഗസ്സ സന്ദർശിച്ച ഐക്യരാഷ്ട്ര സഭ ഓഫീസ് ഫോർ കോ ഓർഡിനേഷൻ ഓഫ് ഹ്യൂമാനിറ്റേറിയൻ അഫയേഴ്‌സ് (ഒ സി എച്ച് എ) മേധാവി ജോർജിയസ് പെട്രോപൗലോസാണ് പറയുന്നു.

ഗസ്സയിലെ താത്കാലിക ടെന്റുകൾക്ക് മേൽ ഇസ്‌റാഈൽ സൈന്യം നടത്തിയ മാരകപ്രഹര ശേഷിയുള്ള ബോംബാക്രമണത്തിൽ മൃതദേഹങ്ങൾ ആവിയായിപ്പോയി. കുടിയൊഴിപ്പിക്കപ്പെട്ടവർക്ക് സുരക്ഷിത മേഖലയെന്ന് ഇസ്‌റാഈൽ ചൂണ്ടിക്കാട്ടിയ പ്രദേശമാണ് അൽ മവാസി ക്യാമ്പ്. ഇവിടെ താതകാലിക ടെന്റുകളിൽ താമസിച്ചവരെ ലക്ഷ്യമിട്ടാണ് അതീവ നശീകരണ ശേഷിയുള്ള ബോംബുകൾ വർഷിച്ചത്. ആക്രമണത്തിൽ അഭയാർഥി ടെന്റുകളിൽ ഉണ്ടായിരുന്ന ഇരുപതോളം പേരുടെ മൃതദേഹാവശിഷ്ടം പോലും ബാക്കിയായില്ല. ബോംബ് സ്‌ഫോടനത്തിന് ശേഷം ഞാൻ ആശുപത്രിയിൽ പോയപ്പോൾ അവിടം ഒരു അറവുശാല പോലെയായിരുന്നുവെന്നും എല്ലായിടത്തും രക്തക്കളം രൂപപ്പെട്ടിരുന്നെന്നും ഇസ്രാഈലി പത്രമായ ഹാരറ്റ്‌സാൺ പ്രസിദ്ധീകരിച്ച ജോർജിയസ് പെട്രോപൗലോസിന്റെ അനുഭവക്കുറിപ്പിൽ പറയുന്നു.

ഇസ്‌റാഈൽ സുരക്ഷിത മേഖലയായി നിശ്ചയിച്ച മണൽ പ്രദേശമായ അൽ- മവാസിയിൽ മാത്രം മൂന്ന് മാസത്തിനിടെ എട്ട് അതിഭയാനക ആക്രമണമാണ് ഇസ്‌റാഈൽ നടത്തിയത്. ഈ മാസം നാലിന് 21 ടെന്റുകൾക്ക് മുകളിൽ ബോംബിട്ട് 23 പേരെ കൊലപ്പെടുത്തിയിരുന്നു. ഇസ്‌റാഈൽ ബോംബാക്രമണത്തിൽ ഇരകളുടെ ശരീരം തീർത്തും ഇല്ലാതാവുന്നതായി ഗസ്സയിലെ അൽ ജസീറ വാർത്താ ലേഖകരും ആരോഗ്യ വകുപ്പ് ജീവനക്കാരും നേരത്തേ വ്യക്തമാക്കിയിരുന്നു.