പുസ്തകത്തട്ട്
മരുപഥം
മനുഷ്യന്റെ മുഖംമൂടിയിട്ട ആന്തരികതയെ സ്പർശിച്ചറിയുകയാണ് മരുപഥ രചനകൾ. കവിതയുടെ ചിമിഴിൽ തിളങ്ങുന്ന കണ്ണീരും വേവും വേപഥുവും അനുഭവ തീവ്രതയിൽ ജ്വലിക്കുന്നു. ഈ അനുഭൂതിയുടെ ആത്മസംഘർഷമാണ് കവിതയിലുടനീളം. മായികമായ ജീവനസത്യങ്ങളെ പുണരുന്പോൾ ഉണരുന്ന മാനവസ്നേഹവും മധുപഥം പങ്കിടുന്നു. ബ്ലു ഇങ്ക് ബുക്സ്, പേജ് 58. വില 110 രൂപ.
ഷംസുദ്ദീൻ നരയംപാറ
മഹാമാരിയുടെ മാരക ദിനങ്ങൾ
മാനവ സമൂഹത്തെ ഭയത്തിന്റെ മുൾമുനയിൽ നിർത്തിയ കൊവിഡിനെ മലപ്പുറം ജില്ലയിൽ ഫലപ്രദമായി പ്രതിരോധിച്ചതിന്റെ സാക്ഷ്യപത്രമാകുന്ന രചന. കൊവിഡിന്റെ പിടിയിൽപ്പെട്ട് സധൈര്യം നേരിട്ട് വിജയം വരിച്ചവരും സ്വന്തം ജീവൻ പോലും തൃണവൽക്കരിച്ച് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കെടുത്തവരും അനുഭവങ്ങൾ പങ്കുവെക്കുന്നു. പ്രതിസന്ധിയെ എങ്ങനെയാണ് ഒന്നായി നേരിടുക എന്ന് അടയാളപ്പെടുത്തുന്ന രചന. പൂങ്കാവനം ബുക്സ്, പേജ് 98. വില 140 രൂപ.
ഡോ. ഷിനാസ് ബാബു, ഉമർ സഖാഫി മൂർക്കനാട്
മഴനിലാവിൽ
ദാന്പത്യം എന്ന സ്ഥാപനം ശിഥിലമായപ്പോൾ ജീവിതത്തിൽ ഒറ്റപ്പെട്ടുപോയ പവിത്ര എന്ന കൗമാരക്കാരിയുടെ വിഷാദത്തിന്റെയും ഉയിർത്തെഴുന്നേൽപ്പിന്റെയും കഥ. വായനയുടെ പുതിയൊരു അനുഭവ ലോകം തുറന്നിടുന്നു ഈ നോവലിൽ. ജി വി ബുക്സ്, പേജ് 82. വില 125 രൂപ.
പി വി സുകുമാരൻ