Connect with us

International

പാക്കിസ്ഥാനിൽ പള്ളിയിൽ ചാവേർ സ്ഫോടനം; 46 മരണം

നിരോധിത ഭീകര സംഘടനയായ തെഹരീഖി താലിബാന്‍ പാക്കിസ്ഥാന്‍ (ടി ടി പി) സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

Published

|

Last Updated

ഇസ്‌ലാമാബാദ് | പാക്കിസ്ഥാനിലെ പെശവാറില്‍ പള്ളിക്കുള്ളില്‍ നടന്ന ബോംബ് സ്‌ഫോടനത്തില്‍ 46 പേര്‍ മരിച്ചു. 150ല്‍ പരം പേര്‍ക്ക് പരുക്കേറ്റതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിരോധിത ഭീകര സംഘടനയായ തെഹരീഖി താലിബാന്‍ പാക്കിസ്ഥാന്‍ (ടി ടി പി) സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തു.

നിസ്‌കാരത്തിനെത്തിയവരുടെ കൂട്ടത്തില്‍ മുന്‍നിരയിലാണ് ചാവേര്‍ ഇരുന്നത്. ഉഗ്രസ്‌ഫോടനത്തോടെ ചാവേര്‍ പൊട്ടിത്തെറിച്ചതോടെ സമീപത്തിരുന്നവര്‍ പലരും മരണപ്പെട്ടു. സ്‌ഫോടനത്തില്‍ തകര്‍ന്ന കെട്ടിടത്തിനുള്ളില്‍ കുടുങ്ങിയും നിരവധി പേര്‍ മരിച്ചു.

രണ്ട് പോലീസുകാര്‍ ഉള്‍പ്പെടെയുള്ളവരാണ് മരിച്ചത്.പരുക്കേറ്റ പലരുടെയും നില ഗുരുതരമാണ്. കെട്ടിടത്തിനുള്ളില്‍ കുടുങ്ങിക്കിടക്കുന്നവരെ കൂടി പുറത്തെത്തിക്കുന്നതോടെ മരണസംഖ്യ കൂടുമെന്നാണ് സൂചന. പട്ടണത്തിലാകമാനമുള്ള ആശുപത്രികളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയതായും പരുക്കേറ്റവര്‍ക്ക് മികച്ച ചികിത്സയാണ് നല്‍കുന്നതെന്നും പെശവാര്‍ കമ്മീഷണര്‍ റിയാസ് മെഹ്‌സൂദ് പറഞ്ഞു.

‘സ്‌ഫോടനത്തില്‍ പള്ളിയുടെ മേല്‍ക്കൂരയും പ്രധാന ഹാളും തകര്‍ന്നു. നിരവധി പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കടിയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്. അവരെ രക്ഷപ്പെടുത്താനുള്ള ശ്രമം നടന്നുവരികയാണ്.’ പെശവാര്‍ കാപിറ്റല്‍ സിറ്റി പോലീസ് ഓഫീസര്‍ (സി സി പി ഒ) മുഹമ്മദ് ഇജാസ് ഖാന്‍ മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.

സ്‌ഫോടനത്തെ ഗവര്‍ണര്‍ ഹാജി ഗുലാം അലി അപലപിച്ചു. പരുക്കേറ്റവര്‍ക്ക് രക്തം നല്‍കാന്‍ അദ്ദേഹം ജനങ്ങളോട് അഭ്യര്‍ഥിച്ചു.

 

 

Latest