Kerala
കവര്‍ച്ചാ കേസ് പ്രതിയുടെ വീട്ടില്‍ നിന്ന് മാരകായുധങ്ങളും കഞ്ചാവും പിടിച്ചു
പ്രതി കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് അന്വേഷിക്കും

പത്തനംതിട്ട | പീച്ചി സ്വര്‍ണക്കവര്‍ച്ച, കൂത്തുപറമ്പ് കുഴല്‍പണം തട്ടിയെടുക്കല്‍ കേസുകളിലെ പ്രതിയുടെ വീട്ടില്‍ നിന്ന് മാരകായുധങ്ങളും കഞ്ചാവും പോലീസ് പിടിച്ചെടുത്തു. കോയിപ്രം പുല്ലാട് പുരയിടത്തുംകാവ് ദ്വാരക വീട്ടില്‍ ചിക്കു എന്ന ലിബി (31)ൻ്റെ വീട്ടിലാണ് വയനാട് ക്രൈംബ്രാഞ്ചിന്റെയും കോയിപ്രം പോലീസിന്റെയും ഡാന്‍സാഫിന്റെയും നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്തിയത്.
വയനാട് ക്രൈംബ്രാഞ്ച് ഡിവൈ എസ് പി സുരേഷ് ബാബുവും സംഘവും കൂത്തുപറമ്പ് ജെ എഫ് എം കോടതിയുടെ സെര്‍ച്ച് വാറണ്ട് പ്രകാരം വീട് പരിശോധിക്കുന്നതിനിടെയാണ് കിടപ്പുമുറിയിലെ അലമാരയില്‍ നിന്ന് കഞ്ചാവും കഞ്ചാവ് ഉപയോഗിക്കാനുള്ള പ്രത്യേക പൊതിയും എയര്‍ പിസ്റ്റളും ഓണ്‍ലൈനില്‍ നിന്ന് വാങ്ങിയ വിവിധ രൂപത്തിലിലുള്ള കത്തികളും ചെയിന്‍, ഇരുമ്പ് മഴു, പതിനെട്ടര ഇഞ്ച് നീളമുള്ള വടിവാള്‍ എന്നിവയും കണ്ടെടുത്തത്.
കുഴല്‍പണം തട്ടിയെടുത്ത കേസിലെ 16ാം പ്രതിയും സ്വര്‍ണക്കവര്‍ച്ചാ കേസിലെ മൂന്നാം പ്രതിയുമായ ലിബിന്‍ നിലവില്‍ ജാമ്യത്തിലാണ്. ഈ കേസുകള്‍ വയനാട് ക്രൈംബ്രാഞ്ച് ആണ് അന്വേഷിക്കുന്നത്. കണ്ടെടുത്ത ആയുധങ്ങളും കഞ്ചാവും പ്രതിയെയും കോയിപ്രം പോലീസിന് കൈമാറി. പ്രതിക്കെതിരെ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തു. പ്രതിയുടെ പേരില്‍ കോട്ടയം ഗാന്ധിനഗര്‍ പോലീസിലും കോയിപ്രം, തിരുവല്ല പോലീസ് സ്റ്റേഷനുകളിലും വേറെയും കേസുകളുണ്ട്. ആയുധങ്ങളെപ്പറ്റിയും ഇയാള്‍ കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യത്തിലും വിശദമായ അന്വേഷണം പോലീസ് ആരംഭിച്ചിട്ടുണ്ട്.