National
ഡീൻ കുര്യാക്കോസ് എം പി സ്പൈസസ് ബോർഡ് മെമ്പർ സ്ഥാനം രാജിവച്ചു
ഏലം വിലയിടിവിൽ പ്രതിഷേധിച്ചും , സർക്കാർ, സ്പൈസസ് ബോർഡിന് യാതൊരു പിന്തുണയും നൽകാത്തതിൽ പ്രതിഷേധിച്ചുമാണ് രാജി.
ന്യൂഡൽഹി | ഡീൻ കുര്യാക്കോസ് എം പി സ്പൈസസ് ബോർഡ് മെമ്പർ സ്ഥാനം രാജിവച്ചു. ഏലം വിലയിടിവിൽ പ്രതിഷേധിച്ചും , സർക്കാർ, സ്പൈസസ് ബോർഡിന് യാതൊരു പിന്തുണയും നൽകാത്തതിൽ പ്രതിഷേധിച്ചുമാണ് രാജി.
ബിജെപി സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം സ്പൈസസ് ബോർഡ് വഴിയായി യാതൊരുവിധ ആനുകൂല്യങ്ങളും നൽകുന്നില്ല. യുപിഎ സർക്കാർ അധികാരത്തിൽ ഉണ്ടായിരുന്നപ്പോൾ കർഷകർക്ക് ഒരു പാട് ആനുകൂല്യങ്ങളും, സബ്സിഡികളും നൽകിയിരുന്നു. അതെല്ലാം 2014 മുതൽ നിർത്തലാക്കുകയാണ് ഉണ്ടായത്. കർഷകരെ സഹായിക്കാൻ സർക്കാർ യാതൊന്നും ചെയ്യുന്നില്ല. ഈ പശ്ചാത്തലത്തിൽ സ്പൈസസ് ബോർഡ് അംഗമെന്ന നിലയിൽ തുടരുന്നതിൽ അർത്ഥമില്ലയെന്ന് പാർലമെന്റിൽ ശൂന്യവേളയിൽ പ്രഖ്യാപിച്ചതിനു ശേഷം സ്പൈസസ് ബോർഡ് സെക്രട്ടറിക്ക് രാജി കത്ത് അയക്കുകയായിരുന്നു.
നിലവിൽ ബോർഡിന്റെ കാലാവധി പൂർത്തിയാവുകയും, പുതിയ ബോർഡംഗങ്ങളെ പുനർ നിർണ്ണയിക്കുകയും ചെയ്യുന്നതിന് കാത്തിരിക്കുകയാണ്. നിലവിൽ ബോർഡ് സെക്രട്ടറി ക്കാണ് ബോർഡിന്റെ പൂർണ്ണ ചുമതല. പാർലമെന്റ് അംഗമെന്ന നിലയിൽ തുടർന്നും ബോർഡിൽ വരുമെന്നു ഉറപ്പാണ്. ഇത്തരുണത്തിൽ, കർഷകരെ സഹായിക്കാൻ യാതൊന്നും ചെയ്യാൻ കഴിയില്ലാത്ത ബോർഡിൽ അംഗമായിരിക്കാൻ ആഗ്രഹിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് തൽസ്ഥാനത്തേക്ക് പരിഗണിക്കേണ്ടതില്ലെന്ന് ഡീൻ കുര്യാക്കോസ് കത്തിൽ വ്യക്തമാക്കിയത്.
സ്വാമിനാഥൻ കമ്മീഷൻ ശുപാർശയനുസരിച്ച് ഉത്പാദന ചെലവും അമ്പതു ശതമാനം തുകയും കൂട്ടി ചേർത്ത് 1500 രൂപയെങ്കിലും ഏലത്തിന്റെ വില ഉറപ്പു വരുത്തണമെന്നും, അല്ലെങ്കിൽ കൃഷിക്കാരുടെ അതിജീവനം വളരെ ഗുരുതരമാകുമെന്നും പാർലമെന്റിൽ ഡീൻ കുര്യാക്കോസ് പറഞ്ഞു.