Connect with us

Kerala

ഭക്ഷ്യവിഷബാധയേറ്റ് മരണം; അടിയന്തരാന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യ മന്ത്രി

അടിയന്തരാന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.

Published

|

Last Updated

തിരുവനന്തപുരം | കാസര്‍കോട്ടെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചതിനെ തുടര്‍ന്ന് ഭക്ഷ്യവിഷബാധയേറ്റ് പെണ്‍കുട്ടി മരിച്ച സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ആരോഗ്യ മന്ത്രി. അടിയന്തരാന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യ സുരക്ഷാ കമ്മീഷണര്‍ക്ക് മന്ത്രി വീണാ ജോര്‍ജ് നിര്‍ദേശം നല്‍കി.

കാസര്‍കോട് തലക്ലായിലെ അഞ്ജുശ്രീ പാര്‍വതി (19)യാണ് മംഗലാപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്ന് രാവിലെ മരണപ്പെട്ടത്. മഞ്ചേശ്വരം ഗോവിന്ദ പൈ മെമ്മോറിയല്‍ ഗവണ്മെന്റ് കോളജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ഥിയായിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 31ന് ഓണ്‍ലൈനില്‍ വരുത്തിയ കുഴിമന്തി കഴിച്ചതിന്റെ പിറ്റേന്നാണ് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വീട്ടുകാര്‍ക്കൊപ്പമാണ് അഞ്ജുശ്രീ ഭക്ഷണം കഴിച്ചത്. മറ്റുള്ളവര്‍ക്കും അസ്വസ്ഥതകളുണ്ടായെങ്കിലും ഇവര്‍ക്ക് പിന്നീട് ഭേദമായി. ഉദുമയിലെ ഹോട്ടലില്‍ നിന്നാണ് ഭക്ഷണം ഡെലിവറി ചെയ്തത്.

സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രണ്ടുദിവസത്തിനകം
ഭക്ഷണത്തില്‍ മായം കലര്‍ത്തുന്നവര്‍ക്കെതിരെ കേസെടുക്കാന്‍ സംസ്ഥാനത്ത് മുഴുവന്‍ പരിശോധനാ അധികാരമുള്ള സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് രണ്ടുദിവസത്തിനകം രൂപവത്കരിക്കും. കാസര്‍കോട് മരിച്ച കുട്ടി എവിടെ നിന്നാണ് ഭക്ഷണം കഴിച്ചത്, എന്നാണ് ഭക്ഷണം കഴിച്ചത്, ചികിത്സ തേടിയതിന്റെ വിവരങ്ങള്‍ തുടങ്ങിയവ ശേഖരിക്കാന്‍ നിര്‍ദേശം നല്‍കി.

ഭക്ഷ്യസുരക്ഷാ കമ്മീഷണറുടെ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ നടപടിയെടുക്കുമെന്നും ഭക്ഷണത്തില്‍ മായം കലര്‍ത്തിയ ശേഷം സ്ഥാപനം പൂട്ടിയാല്‍ വീണ്ടും തുറക്കല്‍ എളുപ്പമാകില്ലെന്നും മന്ത്രി വ്യക്തമാക്കി.