Kerala
മോക്ഡ്രില്ലിനിടെ മരണം; പിഴവ് വരുത്തിയത് എന്‍ ഡി ആര്‍ എഫ് എന്ന് കലക്ടറുടെ റിപോര്‍ട്ട്
മോക്ഡ്രില്‍ സംഘടിപ്പിച്ചതില്‍ ഏകോപനക്കുറവുണ്ടായി. മുന്‍നിശ്ചയിച്ച സ്ഥലം എന്‍ ഡി ആര്‍ എഫ് ഏകപക്ഷീയമായി മാറ്റി. രക്ഷാപ്രവര്‍ത്തനം വൈകിയെന്നും കളക്ടര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
പത്തനംതിട്ട | ദുരന്തനിവാരണ പ്രചാരണ പരിശീലനത്തിനിടെ യുവാവ് മുങ്ങിമരിച്ച സംഭവത്തില്‍ ആസൂത്രണപ്പിഴവെന്ന് ജില്ലാ കലക്ടറും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയര്‍പേഴസനുമായ ഡോ. ദിവ്യ എസ് അയ്യരുടെ റിപ്പോര്‍ട്ട്. മോക്ഡ്രില്‍ സംഘടിപ്പിച്ചതില്‍ ഏകോപനക്കുറവുണ്ടായി. മുന്‍നിശ്ചയിച്ച സ്ഥലം എന്‍ ഡി ആര്‍ എഫ് ഏകപക്ഷീയമായി മാറ്റി. രക്ഷാപ്രവര്‍ത്തനം വൈകിയെന്നും കളക്ടര്‍ മുഖ്യമന്ത്രിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.
റവന്യൂ, ഫയര്‍ഫോഴ്സ്, പഞ്ചായത്ത്, എന്‍ ഡി ആര്‍ എഫ്, ആരോഗ്യം, പോലീസ് വിഭാഗങ്ങള്‍ സംയുക്തമായാണ് മോക്ഡ്രില്‍ നടത്താന്‍ തീരുമാനിച്ചത്. കല്ലൂപ്പാറ ഗ്രാമപഞ്ചായത്തില്‍ ബുധനാഴ്ച ചേര്‍ന്ന യോഗത്തിലാണ് മോക്ഡ്രില്‍ സംഘടിപ്പിക്കാന്‍ തീരുമാനമായത്. മണിമലയാറ്റില്‍ കോമളം പാലത്തിന് സമീപം അമ്പാട്ടുഭാഗത്ത് മോക്ഡ്രില്‍ സംഘടിപ്പിക്കാനായിരുന്നു യോഗത്തില്‍ തീരുമാനം. എന്നാല്‍, മോക്ഡ്രില്‍ നടത്തിയത് അവിടെ നിന്ന് നാലുകിലോമീറ്ററോളം മാറിയായിരുന്നു.
മോക്ഡ്രില്ലിന്റെ സ്ഥലം മാറ്റാനുള്ള തീരുമാനം എന്‍ ഡി ആര്‍ എഫ് ഏകപക്ഷീയമായി എടുത്തതാണ്. മല്ലപ്പള്ളി തഹസില്‍ദാരേയോ ഇതുമായി ബന്ധപ്പെട്ട പ്രധാനചുമതലയുള്ള ജില്ലാ കളക്ടറേയോ വിവരം അറിയിച്ചില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. വാഹനം എത്തിപ്പെടാന്‍ ഏറ്റവും സൗകര്യപ്രദമായ സ്ഥലമെന്ന നിലയിലാണ് പടുതോട് പാലത്തിന് സമീപത്തേക്ക് മാറ്റിനിശ്ചയിച്ചത് എന്നായിരുന്നു എന്‍ ഡി ആര്‍ എഫ് വിശദീകരണം.
നാലുപേര്‍ പുഴയിലേക്ക് ചാടുമ്പോള്‍ മൂന്നുപേരെ രക്ഷപ്പെടുത്തേണ്ട ചുമതല ഫയര്‍ഫോഴ്സിനും ഒരാളെ രക്ഷിക്കേണ്ട ചുമതല എന്‍ ഡി ആര്‍ എഫിനും എന്നായിരുന്നു തീരുമാനം. ഇതുപ്രകാരം ഫയര്‍ഫോഴ്സ് മൂന്നുപേരെ രക്ഷിച്ചു. മുന്‍ധാരണപ്രകാരം ഫയര്‍ഫോഴ്സ് തങ്ങളുടെ ജോലി അവസാനിപ്പിച്ചു. ഇതേസമയം, മരണപ്പെട്ട ബിനു സോമന്‍ വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്നു. എന്‍ ഡി ആര്‍ എഫ് സംഘം പിന്നീട് എത്തി ബിനു സോമനെ പുറത്തെടുക്കുമ്പോള്‍ നാല്‍പ്പതുമിനുറ്റോളം വൈകിയിരുന്നു. ഇത് മരണത്തിന് കാരണമായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വകുപ്പുതല അന്വേഷണത്തിന് സര്‍ക്കാര്‍ തീരുമാനിച്ചു.