Connect with us

Articles

സമാന്തര മാധ്യമങ്ങള്‍ക്കും മരണമണി

മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിക്കുന്ന വാര്‍ത്തകളെ ഹൈലൈറ്റ് ചെയ്തും ഭരണകൂടം ഇഷ്ടപ്പെടാത്ത ചോദ്യങ്ങള്‍ ചോദിച്ചും ഡിജിറ്റല്‍, നവ മാധ്യമങ്ങള്‍ കളം വാഴുമ്പോള്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം മതിയാക്കി സൈഡ് ബഞ്ചിലിരിക്കുകയാണ് നമ്മുടെ ദേശീയ മാധ്യമങ്ങളില്‍ പലതും. എന്നാല്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന്റെ അവശേഷിക്കുന്ന ഇടവും കൂടി കവര്‍ന്നെടുക്കാനുള്ള പദ്ധതിയാണ് ബ്രോഡ്കാസ്റ്റിംഗ് സര്‍വീസസ്(റെഗുലേഷന്‍) ബില്ല്.

Published

|

Last Updated

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ മുമ്പ് തന്നെ കേന്ദ്ര സര്‍ക്കാറിന്റെ പരിഗണനയിലുള്ള ബ്രോഡ്കാസ്റ്റിംഗ് സര്‍വീസസ്(റെഗുലേഷന്‍) ബില്ല്- 2023, പുതിയ സാഹചര്യത്തില്‍ എന്ത് വിലകൊടുത്തും നിയമമാക്കാനുള്ള ശ്രമം മോദി സര്‍ക്കാറിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന കാര്യം ഉറപ്പാണ്. ഒ ടി ടി പ്ലാറ്റ്ഫോമുകളിലും ഡിജിറ്റല്‍ ഉള്ളടക്കങ്ങളിലും കേന്ദ്ര സര്‍ക്കാറിന്റെ നിയന്ത്രണം കൊണ്ടുവരാന്‍ ഉദ്ദേശിച്ചു കൊണ്ടുള്ള നിയമനിര്‍മാണ നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്. ദിനപത്രങ്ങള്‍ ഉള്‍പ്പെടെയുള്ള പരമ്പരാഗത മാധ്യമങ്ങള്‍ നിയന്ത്രണങ്ങള്‍ക്കും സെന്‍സര്‍ഷിപ്പിനും വിധേയമാകുമ്പോള്‍ ഡിജിറ്റല്‍ മീഡിയ കൂടുതല്‍ ജനാധിപത്യ സ്വഭാവമുള്ളതായി നിലകൊള്ളുന്നുണ്ട് നമ്മുടെ രാജ്യത്ത്. അത്തരം ഇടങ്ങളില്‍ ധ്രുവ് റാഠിയെപ്പോലെയുള്ളവര്‍ സമാന്തര മാധ്യമ സംസ്‌കാരം രൂപപ്പെടുത്തിയതിന്റെ കൂടി പ്രതിഫലനമാണ് പോയ പതിറ്റാണ്ടിലെ പ്രതാപത്തിന്റെ നിഴല്‍ മാത്രമുള്ള മൂന്നാം മോദി സര്‍ക്കാറെന്ന് ഇന്ദ്രപ്രസ്ഥത്തിലിരിക്കുന്നവര്‍ക്ക് നല്ല ബോധ്യമുണ്ട്. അതിനാല്‍ തന്നെ സ്വതന്ത്ര യൂട്യൂബര്‍മാര്‍ ഉള്‍പ്പെടെ നേതൃത്വം നല്‍കുന്ന വാര്‍ത്താ വിശകലനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും റിപോര്‍ട്ടിംഗിനുമെല്ലാം പൂട്ടിടാന്‍ വേണ്ട ബില്ല് പാസ്സാക്കാനുള്ള അണിയറ നീക്കങ്ങളിലാണ് കേന്ദ്ര സര്‍ക്കാര്‍.

മുഖ്യധാരാ വാര്‍ത്താ ചാനലുകളുടെ വിശ്വാസ്യത നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന കാലമാണിത്. ഭരണകൂട, കോര്‍പറേറ്റ് താത്പര്യങ്ങള്‍ക്ക് വഴങ്ങി പഴയ കൊട്ടാരം കവിത മാതൃകയില്‍ മന്നവേന്ദ്രാ വിളങ്ങുന്നു ചന്ദ്രനെപ്പോലെ നിന്‍മുഖം എന്ന് ഭരണാധികാരിയുടെ വാഴ്ത്തുപാട്ട് പാടുന്നവയാണ് നമ്മുടെ ദേശീയ മാധ്യമങ്ങളില്‍ ഏറെയും. ജനങ്ങളുടെ ജീവല്‍ പ്രശ്‌നങ്ങളെ അവഗണിക്കുകയും ഭരണകൂട നരേറ്റീവുകളുടെ പ്രചാരകരാകുകയും വഴി തങ്ങളുടെ പ്രേക്ഷകരെയും രാജ്യത്തെ തന്നെയും വഞ്ചിക്കുന്ന നിലപാടുമായി മുഖ്യധാരാ മാധ്യമങ്ങള്‍ മുന്നോട്ടു പോയപ്പോള്‍ സത്യസന്ധമായ സമാന്തര മാധ്യമ പ്രവര്‍ത്തനത്തിന് വലിയ ഇടമുണ്ടായതിനാലാണ് ധ്രുവ് റാഠിയും രവീഷ് കുമാറും ആകാശ് ബാനര്‍ജിയുമെല്ലാം അടിച്ചു കയറിയത്. രാജ്യത്തെ പരശ്ശതം സാധാരണക്കാരെ ബാധിക്കുന്ന പ്രശ്നങ്ങള്‍ ചര്‍ച്ചയാക്കിയ അവര്‍ സര്‍ക്കാര്‍ നയങ്ങളാണ് കുറ്റവാളിയെന്ന് വസ്തുനിഷ്ഠമായി പറഞ്ഞുവെക്കുകയായിരുന്നു. അങ്ങനെ ഭരണകൂടം കണക്ക് പറയേണ്ടിയിരിക്കുന്നു എന്ന് രാജ്യത്തിന്റെ അധസ്ഥിത ഭാഗദേയം ചിന്തിച്ചതിന്റെ ഫലശ്രുതിയിലാണ് തങ്ങളുടെ ലോക്സഭാ സാമാജികരുടെ എണ്ണം ഗണ്യമായി കുറഞ്ഞു പോയതെന്ന് ബി ജെ പി തിരിച്ചറിഞ്ഞിട്ടുണ്ട്.

ഭരണകൂടത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിന് പുറത്താകയാല്‍ ഡിജിറ്റല്‍ മാധ്യമ രംഗത്ത് സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം ഏറെക്കുറെ സാധ്യമായിരുന്നു. പരമ്പരാഗത മാധ്യമ സ്ഥാപനങ്ങളില്‍ നിന്ന് വ്യത്യസ്തമായി കുറെക്കൂടി സ്വയം ഭരണാവകാശം ഡിജിറ്റല്‍ മാധ്യമ ലോകത്തുണ്ട്. മുഖ്യധാരാ മാധ്യമങ്ങള്‍ അവഗണിക്കുന്ന വാര്‍ത്തകളെ ഹൈലൈറ്റ് ചെയ്തും ഭരണകൂടം ഇഷ്ടപ്പെടാത്ത ചോദ്യങ്ങള്‍ ചോദിച്ചും ഡിജിറ്റല്‍, നവ മാധ്യമങ്ങള്‍ കളം വാഴുമ്പോള്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനം മതിയാക്കി സൈഡ് ബഞ്ചിലിരിക്കുകയാണ് നമ്മുടെ ദേശീയ മാധ്യമങ്ങളില്‍ പലതും. എന്നാല്‍ സ്വതന്ത്ര മാധ്യമ പ്രവര്‍ത്തനത്തിന്റെ അവശേഷിക്കുന്ന ഇടവും കൂടി കവര്‍ന്നെടുക്കാനുള്ള പദ്ധതിയാണ് ബ്രോഡ്കാസ്റ്റിംഗ് സര്‍വീസസ്(റെഗുലേഷന്‍) ബില്ല്.

പ്രസ്താവിത ബില്ലില്‍ ബ്രോഡ്കാസ്റ്റര്‍ എന്നതിന് നല്‍കിയിരിക്കുന്ന നിര്‍വചനത്തില്‍ വ്യക്തിയും ഉള്‍പ്പെടുന്നു എന്നകാര്യം ശ്രദ്ധേയമാണ്. ബ്രോഡ്കാസ്റ്റേഴ്സിന് ഉദ്ദേശിച്ച നിയന്ത്രണ ചട്ടക്കൂടില്‍ സ്വതന്ത്ര യൂട്യൂബര്‍മാരെയും ഉള്‍പ്പെടുത്താന്‍ ലക്ഷ്യമിട്ടിരിക്കുന്നെന്ന് മനസ്സിലാക്കാം. ബില്ലിലെ 20ാം വകുപ്പ് പ്രകാരം വാര്‍ത്തകള്‍ ബ്രോഡ്കാസ്റ്റ് ചെയ്യുന്ന ഏത് വ്യക്തിയും പ്രോഗ്രാം കോഡും അഡ്വര്‍ടൈസ്മെന്റ് കോഡും പാലിക്കാന്‍ ബാധ്യസ്ഥരാണ്. അതേസമയം പത്രങ്ങളെയും അവയുടെ ഇലക്ട്രോണിക് പതിപ്പുകളെയും നിയന്ത്രിക്കുന്ന നിയമം വേറെയുള്ളതിനാല്‍ അവയെ ഒഴിവാക്കിയിട്ടുമുണ്ട്. ബ്രോഡ്കാസ്റ്റേഴ്സിനുള്ള പ്രോഗ്രാം കോഡ് രൂപപ്പെടുത്താനുള്ള അധികാരം കേന്ദ്ര സര്‍ക്കാറിന് വകവെച്ചു നല്‍കുന്നു നിര്‍ദിഷ്ട ബില്ല് എന്ന അപകടം മാത്രമല്ല നിലനില്‍ക്കുന്നത്. പ്രോഗ്രാം കോഡുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശങ്ങള്‍ ഒന്നും
നല്‍കാനില്ലാതിരിക്കെ കേന്ദ്ര സര്‍ക്കാറിന്റെ അമിതാധികാര പ്രവൃത്തിയുടെ മികച്ച ഉദാഹരണമാകും പ്രോഗ്രാം കോഡെന്ന കാര്യത്തില്‍ സംശയം വേണ്ട.

ഡിജിറ്റല്‍ മാധ്യമ സ്ഥാപനങ്ങള്‍ ഉള്‍പ്പെടുന്ന ബ്രോഡ്കാസ്റ്റേഴ്സിനെ മൂന്ന് നിരയിലുള്ള നിയന്ത്രണ ചട്ടക്കൂടില്‍ കൊണ്ടുവരുന്നുണ്ട് ബ്രോഡ്കാസ്റ്റിംഗ് സര്‍വീസസ്(റെഗുലേഷന്‍) ബില്ല്. ഇന്റേണല്‍ കണ്ടന്റ് ഇവാലുവേഷന്‍ കമ്മിറ്റി(സി ഇ സി) ആണ് അതില്‍ ഒന്നാമത്തേത്. അതനുസരിച്ച് ബ്രോഡ്കാസ്റ്റേഴ്സ് തന്നെ പ്രസ്താവിത കമ്മിറ്റി രൂപവത്കരിക്കുകയും തങ്ങള്‍ പ്രക്ഷേപണം ചെയ്യുന്ന ഉള്ളടക്കം പ്രോഗ്രാം കോഡ് ലംഘിക്കുന്നതല്ലെന്ന് സ്വയം സാക്ഷ്യപ്പെടുത്തുകയും വേണം. പൊതുജനങ്ങളില്‍ നിന്നുള്ള പരാതികള്‍ പരിശോധിക്കാന്‍ ആഭ്യന്തര പരാതി പരിഹാര ഉദ്യോഗസ്ഥരെ നിയമിക്കുകയും വേണം.

ബ്രോഡ്കാസ്റ്റേഴ്സിനുള്ള മൂന്ന് നിര നിയന്ത്രണ ചട്ടക്കൂടില്‍ രണ്ടാമത്തേത് സെല്‍ഫ് റെഗുലേറ്ററി ഓര്‍ഗനൈസേഷന്‍(എസ് ആര്‍ ഒ) ആണ്. ആഭ്യന്തര പരാതി പരിഹാര ഉദ്യോഗസ്ഥരുടെ വിധികള്‍ക്ക് മേലുള്ള അപ്പീലുകള്‍ കേള്‍ക്കേണ്ടത് പ്രസ്തുത സംവിധാനമാണ്. എന്നാല്‍ മൂന്നാം നിരയിലെ ബ്രോഡ്കാസ്റ്റ് അഡൈ്വസറി കൗണ്‍സില്‍(ബി എ സി) കൂടുതല്‍ അധികാരമുള്ള സംവിധാനമാണ്. സെല്‍ഫ് റെഗുലേറ്ററി ഓര്‍ഗനൈസേഷന്റെ വിധികളിലെ അപ്പീലുകള്‍ കേള്‍ക്കുന്നതിന് പുറമെ ഡിജിറ്റല്‍ ഉള്ളടക്കങ്ങളുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ കൈമാറുന്ന പരാതികളും പരിഗണിക്കുന്നു ബി എ സി. ചെയര്‍പേഴ്സനെ കൂടാതെ വിവിധ കേന്ദ്ര മന്ത്രാലയങ്ങളിലെ അഞ്ച് ഉദ്യോഗസ്ഥരും കേന്ദ്ര സര്‍ക്കാര്‍ നോമിനേറ്റ് ചെയ്യുന്ന അഞ്ച് ‘പ്രശസ്ത വ്യക്തികളും’ ചേരുന്നതാണ് ബ്രോഡ്കാസ്റ്റ് അഡൈ്വസറി കൗണ്‍സില്‍ എന്നാണ് നിര്‍ദിഷ്ട ബില്ല് പറയുന്നത്. ബി എ സിയുടെ നിര്‍ദേശ പ്രകാരം ബ്രോഡ്കാസ്റ്റേഴ്സിനെതിരെ കേന്ദ്ര സര്‍ക്കാറിന് നടപടിയെടുക്കാം. ഉള്ളടക്കം നീക്കം ചെയ്യാനോ പരിഷ്‌കരിക്കാനോ നിര്‍ദേശിക്കാം. സംപ്രേക്ഷണ വിലക്കേര്‍പ്പെടുത്താനും പിഴ ചുമത്താനും രജിസ്ട്രേഷന്‍ റദ്ദാക്കാനുമൊക്കെയുള്ള അധികാരം കേന്ദ്ര സര്‍ക്കാറിന് താലത്തില്‍ വെച്ചു കൊടുക്കാനാകും ബ്രോഡ്കാസ്റ്റ് അഡൈ്വസറി കൗണ്‍സിലിന്. കേന്ദ്ര സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നോമിനികളും ചേര്‍ന്ന് ഭരണകൂട നയങ്ങള്‍ക്കെതിരെ സംസാരിക്കുന്ന ഡിജിറ്റല്‍ മാധ്യമങ്ങളെ നന്നായി കൈകാര്യം ചെയ്യുന്നതിലേക്കുള്ള അകലം പരാമര്‍ശിത ബില്ല് അപ്പടി വെട്ടിച്ചുരുക്കും.
ബ്രോഡ്കാസ്റ്റേഴ്സിന്റെ ഓഫീസുകള്‍ പരിശോധിക്കാന്‍ കേന്ദ്ര സര്‍ക്കാറിന് വിപുലമായ അധികാരം നല്‍കുന്നുണ്ട് ബ്രോഡ്കാസ്റ്റിംഗ് സര്‍വീസസ്(റെഗുലേഷന്‍) ബില്ല്. ബ്രോഡ്കാസ്റ്റേഴ്സ് നിയമലംഘനം നടത്തിയെന്ന അഭിപ്രായം ഉണ്ടായാല്‍ മതി ഉദ്യോഗസ്ഥര്‍ക്ക് പരാക്രമം നടത്താന്‍. കേവല ധാരണയുടെ അടിസ്ഥാനത്തില്‍ ഡിജിറ്റല്‍ മാധ്യമ സ്ഥാപനങ്ങളുടെ ഓഫീസുകള്‍ പരിശോധിക്കാനും വസ്തുക്കള്‍ പിടിച്ചെടുത്ത് കണ്ടുകെട്ടാനുമുള്ള വകുപ്പുണ്ട് നിര്‍ദിഷ്ട ബില്ല് പ്രകാരം എന്നത് രാജ്യത്തെ മാധ്യമ സ്വാതന്ത്ര്യത്തെ അത്യധികം അപകടപ്പെടുത്തുന്നതാണ്.

മാധ്യമ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട് വിവാദമായ, കേന്ദ്ര സര്‍ക്കാറിന്റെ മറ്റൊരു നിയമനിര്‍മാണ നീക്കമായിരുന്നു ഐ ടി റൂള്‍സ് 2021. ഡിജിറ്റല്‍ മാധ്യമങ്ങള്‍ പ്രസ്തുത റൂള്‍സ് പ്രകാരമുള്ള കോഡ് ഓഫ് എത്തിക്സ് പിന്തുടരണമെന്നത് അതിന്റെ വിവാദ മുഖമായിരുന്നു. 2021ല്‍ തന്നെ ബോംബെ ഹൈക്കോടതിയും പിന്നീട് മദ്രാസ്, കേരള ഹൈക്കോടതികളും മാധ്യമ സ്വാതന്ത്ര്യം മുന്‍നിര്‍ത്തി ഡിജിറ്റല്‍ മീഡിയ എത്തിക്സ് കോഡ് സ്റ്റേ ചെയ്തിരുന്നു. പ്രസ്തുത കോഡിന്റെ സമാന പകര്‍പ്പാണ് ബ്രോഡ്കാസ്റ്റേഴ്സിനുള്ള മൂന്ന് നിര നിയന്ത്രണ ചട്ടക്കൂട് എന്നതിനാല്‍ ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് താഴിടാനുള്ള നിയമനിര്‍മാണം കോടതിയില്‍ തോല്‍ക്കുമെന്ന് വിചാരിക്കാം. ഈയിടെ പുറത്തുവന്ന റിപോര്‍ട്ട് പ്രകാരം മാധ്യമ സ്വാതന്ത്ര്യത്തില്‍ 180 രാജ്യങ്ങളുടെ പട്ടികയിലെ 159ാം സ്ഥാനമാണ് ഇന്ത്യയുടേത്. രാജ്യത്ത് അല്‍പ്പമെങ്കിലും ശ്വാസമുള്ളത് ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്കാണ്. സര്‍ക്കാറുകളുടെയും കോര്‍പറേറ്റുകളുടെയുമൊന്നും സഹായമില്ലാതെ വായനക്കാരുടെ സബ്സ്‌ക്രിപ്ഷന്‍ മാത്രം കാര്യമായി ആശ്രയിച്ച് മുന്നോട്ടു പോകുന്നവയാണ് മിക്കവാറും ഡിജിറ്റല്‍ മാധ്യമങ്ങളും. ഭരണകൂടം വേട്ടക്കിറങ്ങിയാല്‍ നിയമയുദ്ധം ചെയ്യാനുള്ള ഗതിയുണ്ടാകില്ല നമ്മുടെ സമാന്തര മാധ്യമങ്ങള്‍ക്ക്. അവയെ പൂര്‍ണ വരുതിയില്‍ കൊണ്ടുവരലാണ് ഭരണകൂട ലക്ഷ്യമെങ്കില്‍ മാധ്യമ സ്വാതന്ത്ര്യത്തെ കൊല്ലുന്നു എന്നാണതിനര്‍ഥം.

 

 

 

 

Latest