Kerala
പതിനഞ്ചുകാരന്റെ മരണം; ഓണ്‍ലൈന്‍ ഗെയിം ചതിക്കുഴിയാണോ കാരണമെന്ന അന്വേഷണവുമായി പോലീസ്
ഓണ്‍ലൈന്‍ ഗെയിമിലെ സാഹസിക പ്രകടനം അനുകരിക്കാനുള്ള ശ്രമത്തിനിടെയാണ് കുട്ടി മരണപ്പെട്ടത്.
കൊച്ചി | എറണാകുളം ചെങ്ങമനാടില്‍ പതിനഞ്ചുകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം കൂടുതല്‍ വിപുലമാക്കി പോലീസ്. കപ്രശ്ശേരിയിലെ പത്താം ക്ളാസ് വിദ്യാര്‍ഥി ആത്മഹത്യ ചെയ്ത സംഭവത്തിലാണ് അന്വേഷണം. ഓണ്‍ലൈന്‍ ഗെയിമിലെ സാഹസിക പ്രകടനം അനുകരിക്കാനുള്ള ശ്രമത്തിനിടെയാണ് കുട്ടി മരണപ്പെട്ടത്.
കുട്ടി ഉപയോഗിച്ച മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഓണ്‍ലൈന്‍ ഗെയിമിങില്‍ കുടുങ്ങിയതാണോ മരണകാരണമെന്ന അന്വേഷണമാണ് നടന്നുവരുന്നത്.
കഴിഞ്ഞ ദിവസം കിടപ്പുമുറിയിലാണ് മൃതദേഹം കണ്ടെത്തിയത്. മഴക്കോട്ട് കൊണ്ട് ശരീരമാകെ മൂടി കൈകളും കാലുകളും കെട്ടി വായ ടേപ്പ് കൊണ്ട് മൂടിയ നിലയിലായിരുന്നു മൃതദേഹം കിടന്നിരുന്നത്. ‘ഡെവിള്‍’ എന്ന പേരിലുള്ള ഒരു ഗെയിം കുട്ടിയുടെ മാതാവിന്റെ ഫോണില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഈ ഫോണ്‍ ആണ് പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. ഹെല്പ്ലൈന് നമ്പരുകള്‍ – 1056, 0471- 2552056).