Connect with us

Kerala

അസം സ്വദേശിയായ കുട്ടിയുടെ മരണം: വൈദ്യുതാഘാതമേറ്റെന്ന് പോസ്റ്റ്‍മോർട്ടം റിപ്പോര്‍ട്ട്; കര്‍ഷകൻ അറസ്റ്റിൽ

അമരമ്പലം കോവിലകംവക സ്ഥലം പാട്ടത്തിനെടുത്ത് കൃഷി നടത്തുന്ന ഉണ്ണികൃഷ്ണനാണ് അറസ്റ്റിലായത്

Published

|

Last Updated

 

പൂക്കോട്ടുംപാടം | അമരമ്പലം സൗത്തിലെ കൃഷിയിടത്തില്‍ അസം സ്വദേശിയായ കുട്ടി മരിച്ചത് വൈദ്യുതാഘാതമേറ്റെന്ന് പോസ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായതിനെ തുടര്‍ന്ന് കര്‍ഷകനെ പോലീസ് അറസ്റ്റ് ചെയ്തു. സ്ഥലം പാട്ടത്തിനെടുത്ത് കൃഷിചെയ്തിരുന്ന അറയില്‍ ഉണ്ണികൃഷ്ണനെ (62) നെയാണ് പൂക്കോട്ടുംപാടം പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളെ സംഭവസ്ഥലത്ത് കൊണ്ടുവന്ന് തെളിവെടുപ്പ് നടത്തി.

ഇഷ്ടികകളത്തില്‍ ജോലി ചെയ്യുന്ന ബാഗാരിച്ചാര്‍ സ്വദേശിയായ മുത്തലിബ് അലിയുടെയും സോമാലയുടെയും മകന്‍ റഹ്മത്തുള്ള(13)യെയാണ് വ്യാഴാഴ്ച രാവിലെ പത്തരയോടെ ഇഷ്ടികകളത്തിന് സമീപം കൃഷിയിടത്തിലെ തോടിനോട് ചേര്‍ന്ന് മരിച്ച നിലയില്‍ കണ്ടെത്തിയത്. മൃതദേഹ പരിശോധനയില്‍ ശരീരത്തില്‍ ഷോക്കേറ്റതിന്റെ അടയാളങ്ങള്‍ കണ്ടതിനാല്‍ കൃഷിയിടത്തിലെ വൈദ്യുതി വേലിയില്‍നിന്നും ഷോക്കേറ്റ് മരിച്ചതാകാമെന്ന നിഗമനത്തിലായിരുന്നു പോലീസ്.

അമരമ്പലം കോവിലകംവക സ്ഥലം പാട്ടത്തിനെടുത്ത് കൃഷി നടത്തുന്നത് ഉണ്ണികൃഷ്ണനാണ്. കാട്ടുപന്നികള്‍ ഉള്‍പെടെയുള്ള വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നതിന് വേണ്ടിയാണ് വൈദ്യുതി വേലി സ്ഥാപിച്ചത്. സാധാരണ രാത്രിയില്‍ വൈദ്യുതി ഓണാക്കി രാവിലെ ഓഫാക്കുകയാണ് ചെയ്യാറുള്ളത്. കുട്ടി മരിച്ച വിവരം പോലീസിനെ അറിയിച്ചതും ഉണ്ണികൃഷ്ണന്‍ തന്നെയാണ്.

സംഭവത്തില്‍ ജില്ലാ ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറും അന്വേഷണം നടത്തുന്നുണ്ട്. നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ ഉണ്ണികൃഷ്ണനെ റിമാന്റ് ചെയ്യത് മഞ്ചേരി സബ്ജയിലേക്ക് അയച്ചു. മനപൂര്‍വ്വമല്ലാത്ത നരഹത്യക്കും അപകടം ഉണ്ടാക്കുമെന്ന് അറിയാമായിട്ടും വൈദ്യുതി കണക്ഷന്‍ കൃഷിയിടത്തിലെ വൈദ്യുതി വേലിയിലേക്ക് കടത്തിവിട്ടതിനുമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിട്ടുള്ളത്.

 

Latest