Kerala
എ പ്രദീപിന്റെ വിയോഗം; നഷ്ടമായത് ധീര സൈനികനെ: മന്ത്രി കെ രാജന്‍

തൃശൂര്‍ | കൂനൂരിലുണ്ടായ ഹെലികോപ്ടര്‍ അപകടത്തില്‍ മരണപ്പെട്ട മലയാളി സൈനികന്‍ എ പ്രദീപിന്റെ വീട് റവന്യൂ മന്ത്രി കെ രാജന്‍ സന്ദര്‍ശിച്ചു. ധീര സൈനികനെയാണ് നഷ്ടമായതെന്ന് സന്ദര്‍ശന ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ മന്ത്രി പറഞ്ഞു. നാട്ടുകാരുമായി സജീവ ബന്ധം നിലനിര്‍ത്തിയിരുന്ന യുവാവിനെയാണ് മരണം തട്ടിയെടുത്തത്. പ്രദീപിന്റെ മൃതദേഹം പൂര്‍ണ ബഹുമതികളോടെ സംസ്‌കരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
പൊന്നൂക്കര മൈമ്പുള്ളി ക്ഷേത്രത്തിന് സമീപം അറക്കല്‍ വീട്ടില്‍ രാധാകൃഷ്ണന്റെ മകന്‍ എ പ്രദീപ് (38) ആണ് മരിച്ചത്. ഇന്ത്യയുടെ സംയുക്ത സൈനിക ജനറല്‍ ബിപിന്‍ റാവത്ത് ഉള്‍പ്പെടെ 13 പേര്‍ മരണപ്പെട്ട അപകടത്തില്‍ പ്രദീപിന്റെ ജീവനും പൊലിയുകയായിരുന്നു. സംഭവത്തിന്റെ നടുക്കത്തിലാണ് പൊന്നൂക്കര. നാടിന്റെ പ്രിയ പുത്രന്റെ വിയോഗം വിശ്വസിക്കാന്‍ നാട്ടുകാര്‍ക്ക് ഇപ്പോഴും സാധിച്ചിട്ടില്ല.
പിതാവിന് സുഖമില്ലാത്തതിനാല്‍ രണ്ടാഴ്ച മുമ്പ് പ്രദീപ് അവധിക്ക് നാട്ടില്‍ എത്തിയിരുന്നു. ഓക്സിജന്റെ സഹായത്താലാണ് പിതാവ് കഴിയുന്നത്. പിതാവിനെ ഇതുവരെ മരണ വിവരം അറിയിച്ചിട്ടില്ല. പ്രദീപ് അവധിക്ക് വന്നപ്പോള്‍ അദ്ദേഹം ആശുപത്രിയിലായിരുന്നു. ഡിസ്ചാര്‍ജ് ആയ ശേഷമാണ് മടങ്ങിയത്. വിവരം ഇന്ന് മാതാവിനെ അറിയിച്ചിട്ടുണ്ട്. പ്രദീപിന്റെ ഭാര്യയും അഞ്ചും രണ്ടും വയസുള്ള മക്കളും കോയമ്പത്തൂരിലെ ക്വാര്‍ട്ടേഴ്സിലാണ് താമസം. ജനറല്‍ ബിപിന്‍ റാവത്ത് സഞ്ചരിച്ചിരുന്ന ഹെലികോപ്ടറിന്റെ ഫ്ളൈറ്റ് ഗണ്ണറായിരുന്നു എ പ്രദീപ്.