Kasargod
പിന്തുടരുന്നതിനിടെ വിദ്യാർഥിയുടെ വാഹനാപകട മരണം: പോലീസിന് വീഴ്ചയില്ലെന്ന് ക്രൈം ബ്രാഞ്ച്
അപകടത്തിന് ശേഷമാണ് കാറിലുണ്ടായിരുന്നത് വിദ്യാർഥികളാണെന്ന് അറിഞ്ഞതെന്നാണ് പോലീസുകാരുടെ പക്ഷം.
കാസർകോട് | പോലീസ് പിന്തുടരുന്നതിനിടെ വാഹനം മറിഞ്ഞ് വിദ്യാർഥി മരിച്ച സംഭവത്തിൽ പോലീസിന് ക്ലീൻചിറ്റുമായി ക്രൈം ബ്രാഞ്ച് പ്രാഥമിക അന്വേഷണ റിപ്പോർട്ട്. പോലീസുകാരുടെ ഭാഗത്ത് നിന്ന് മോശമായ പെരുമാറ്റമുണ്ടായിട്ടില്ല. അപകടത്തിൽപ്പെട്ട വാഹനത്തിന് പൂർണ ഫിറ്റ്‌നസ് ഉണ്ടായിരുന്നില്ലെന്നും ജില്ലാ പൊലീസ് മേധാവിക്ക് കൈമാറിയ റിപ്പോർട്ടിൽ പറയുന്നു.
മരിച്ച ഫർഹാസിന്റെ കുടുംബത്തിന്റെ പരാതിയും കാറിലുണ്ടായിരുന്ന മറ്റ് വിദ്യാർഥികളുടെ മൊഴിയും തമ്മിൽ വൈരുധ്യമുണ്ട്. കേസിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്. അപകടത്തിന് ശേഷമാണ് കാറിലുണ്ടായിരുന്നത് വിദ്യാർഥികളാണെന്ന് അറിഞ്ഞതെന്നാണ് പോലീസുകാരുടെ പക്ഷം.
സംഭവത്തെ തുടർന്ന് സബ് ഇന്‍സ്പെക്ടര്‍ രജിത്ത്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ ദീപു, രഞ്ജിത്ത് എന്നിവരെ കാഞ്ഞങ്ങാട് ഹൈവേ പോലീസിലേക്ക് സ്ഥലം മാറ്റിയിരുന്നു. പോലീസിന്‍റെ ഭാഗത്ത് വീഴ്ച കണ്ടെത്തിയാല്‍ കര്‍ശന നടപടി എടുക്കുമെന്നാണ് ജില്ലാ പൊലീസ് മേധാവിയുടെ ഉറപ്പ്. പോലീസ് പിന്തുടരുന്നതിനിടെ പുത്തിഗെ പള്ളത്ത് വെച്ചുണ്ടായ അപകടത്തിലാണ് കാസർകോട് പേരാൽ കണ്ണൂർ സ്വദേശി പരേതനായ അബ്ദുല്ലയുടെ മകൻ ഫർഹാസ് (17) മരിച്ചത്. അംഗഡിമൊഗർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിയായിരുന്നു.