Kerala
എഡിഎം നവീന്‍ ബാബുവിന്റെ മരണം; സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം പത്തനംതിട്ട ജില്ലാ കമ്മറ്റി
സംഭവങ്ങളെ ഗൗരവമായിട്ടാണ് പാര്‍ട്ടി കാണുന്നതെന്ന് ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു
പത്തനംതിട്ട | എഡിഎം നവീന്‍ ബാബുവിന്റെ മരണത്തെ സംബന്ധിച്ചു സമഗ്ര അന്വേഷണം വേണമെന്ന ആവശ്യവുമായി സിപിഎം ജില്ലാ കമ്മിറ്റി. നടന്ന സംഭവങ്ങളെ ഗൗരവമായിട്ടാണ് പാര്‍ട്ടി കാണുന്നതെന്ന് ജില്ലാ സെക്രട്ടറി കെ പി ഉദയഭാനു പറഞ്ഞു. സംഭവത്തെക്കുറിച്ച് കൃത്യമായ അന്വേഷണം ഉണ്ടാകും. സിപിഎമ്മുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ച കുടുംബമായിരുന്നു നവീന്റേതെന്നും ജില്ലാ സെക്രട്ടറി പറഞ്ഞു.
എഡിഎമ്മിന്റെ ആത്മഹത്യയിലേക്കു നയിച്ച സംഭവങ്ങളെക്കുറിച്ച് അന്വേഷണം വേണമെന്ന് സിപിഎം സംസ്ഥാന സമിതി അംഗം രാജു ഏബ്രഹാമും ആവശ്യപ്പെട്ടു.
സ്വകാര്യ അന്യായം ഫയല്‍ ചെയ്യുമെന്ന് സിഐടിയു നേതാവ്
പത്തനംതിട്ട | എഡിഎം നവീന്‍ ബാബുവിനെക്കുറിച്ച് കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ ഉന്നയിച്ച ആക്ഷേപം മലയാലപ്പുഴയിലെ സിപിഎം മുഖവിലയ്ക്കെടുക്കുന്നില്ലന്ന് സിഐടിയു സംസ്ഥാന സമിതി അംഗവും പാര്‍ട്ടി കോന്നി ഏരിയ കമ്മിറ്റി അംഗവുമായ മലയാലപ്പുഴ മോഹനന്‍ പറഞ്ഞു. ദിവ്യയ്ക്കെതിരേ അന്വേഷണം വേണം. ആവശ്യം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. പാര്‍ട്ടി അന്വേഷിക്കുന്നില്ലെങ്കില്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്യും. ഇക്കാര്യങ്ങള്‍ കാണിച്ച് പാര്‍ട്ടി നേതൃത്വത്തിന് രേഖാമൂലം കത്തു നല്‍കും. ദിവ്യയ്ക്ക് ഗൂഢലക്ഷ്യമുണ്ടെന്ന് മലയാലപ്പുഴ മോഹനന്‍ ആരോപിച്ചു.
ദൗര്‍ഭാഗ്യകരമെന്ന് ആന്റോ ആന്റണി
പത്തനംതിട്ട: സത്യസന്ധമായും നീതിപൂര്‍വമായും ഔദ്യോഗിക ജീവിതം നയിച്ച എഡിഎം നവീന്‍ ബാബുവിന് ആത്മഹത്യയില്‍ ജീവിതം അവസാനിപ്പിക്കേണ്ടി വന്നത് ദൗര്‍ഭാഗ്യകരമാണെന്ന് ആന്റോ ആന്റണി എംപി.
പത്തനംതിട്ട എഡിഎമ്മായി നവീന്‍ ബാബു എത്തുന്നതായ വിവരം ഏറെ സന്തോഷത്തോടെയാണ് പത്തനംതിട്ടയിലെ ജനപ്രതിനിധികളായ തങ്ങള്‍ കേട്ടത്. മുന്പ് പത്തനംതിട്ട ജില്ലയിലെ വിവിധ തസ്തികകളില്‍ സേവനം ചെയ്തപ്പോഴൊക്കെ ജനങ്ങളുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ അദ്ദേഹം സ്വീകരിച്ച നിലപാടുകള്‍ ഏറെ പ്രശംസനീയമായിരുന്നുവെന്ന് എംപി പറഞ്ഞു.
നവീന്‍ ബാബുവിന്റെ മരണത്തിന് ഉത്തരവാദിയായ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ദിവ്യക്കെതിരേ കൊലക്കുറ്റത്തിന് കേസെടുക്കണം. ജന്മനാട്ടിലേക്ക് പിതാവ് സ്ഥലം മാറി വരുന്നതും കാത്ത് സ്വീകരിക്കാന്‍ റെയില്‍വേ സ്റ്റേഷനില്‍ കാത്തുനിന്ന മക്കള്‍ക്കും ഭാര്യയ്ക്കും ഉണ്ടായ ദുരവസ്ഥ ഇനിയൊരാള്‍ക്കും കേരളത്തിലുണ്ടാകരുത്. അധികാരത്തിന്റെ അഹന്തയും ധിക്കാരവും കൊണ്ട് നിരപരാധിയായ ഒരു മനുഷ്യനെ അപമാനിച്ചു മരണത്തിലേക്ക് തള്ളിവിടുകയാണ് കണ്ണൂരില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ചെയ്തത്.
തങ്ങള്‍ പറയുന്നത് അപ്പടി അനുസരിക്കാത്ത ഉദ്യോഗസ്ഥരെ കടുത്ത സമ്മര്‍ദ്ദത്തിലാക്കുകയും നശിപ്പിക്കുകയും ചെയ്യുന്ന സിപിഎം ശൈലിയുടെ ഭാഗമാണ് കണ്ണൂരില്‍ കണ്ടതെന്നും ആന്റോ ആന്റണി എംപി പറഞ്ഞു. ഇന്നലെ മലയാലപ്പുഴ പത്തിശേരിയില്‍ നവീന്റെ വീട് സന്ദര്‍ശിച്ച എംപി ബന്ധുക്കളെ ആശ്വസിപ്പിച്ചു.