Connect with us

Kerala

എഡിഎം നവീന്‍ ബാബുവിന്റെ മരണം; കേസ് ഡയറി ഹാജരാക്കാന്‍ ഹൈക്കോടതി നിര്‍ദേശം

നവീന്‍ ബാബുവിന്റെ മരണം കൊലപാതകമെന്ന് ആരോപിക്കുന്നത് എന്ത് അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി

Published

|

Last Updated

കൊച്ചി |  എഡിഎം നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസ് ഡയറി ഹാജരാക്കണമെന്ന് ഹൈക്കോടതി . ഡിസംബര്‍ ആറിന് കേസ് ഡയറി ഹാജരാക്കാനാണ് കോടതി നിര്‍ദേശം. സംബര്‍ 9ന് കേസില്‍ വിശദവാദം കോടതി കേള്‍ക്കും. അന്വേഷണ ഉദ്യോഗസ്ഥന്‍ സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദേശിച്ചു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ സര്‍ക്കാറിനോടും സിബിഐയോടും നിലപാട് അറിയിക്കാനും കോടതി ആവശ്യപ്പെട്ടു.എഡിഎം നവീന്‍ ബാബുവിന്റെ മരണം കൊലപാതകമെന്ന് ആരോപിക്കുന്നത് എന്ത് അടിസ്ഥാനത്തിലെന്ന് ഹൈക്കോടതി. ഇത് ഒരു ആത്മഹത്യാ കേസ് അല്ലേ എന്നും ഹൈക്കോടതി ചോദിച്ചു. നവീന്‍ബാബുവിന്റെ മരണത്തില്‍ ഭാര്യ കെ മഞ്ജുഷ നല്‍കിയ ഹരജി പരിഗണിക്കുകയായിരുന്നു കോടതി

ലവിലെ അന്വേഷണത്തില്‍ വിശ്വാസമില്ലെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹരജിയില്‍ ആവശ്യപ്പെടുന്നത്.

നവീന്‍ ബാബുവിന്റെ മരണം കൊലപാതകമാണോയെന്ന് സംശയമുണ്ടെന്നാണ് കുടുംബത്തിന്റെ നിലപാട്. പ്രതികളുടെ രാഷ്ട്രീയ സ്വാധീനവും കേസ് അട്ടിമറിക്കപ്പെടാനുള്ള സാധ്യതയും ഹരജിയില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഹരജി പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നിലപാട് നിര്‍ണായകമാകും. സിബിഐ അന്വേഷണത്തെ അനുകൂലിക്കുമോ അതോ അന്വേഷണം മറ്റൊരു ഏജന്‍സിക്ക് കൈമാറാമെന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കുകയെന്നതാണ് ഇനി അറിയാനുള്ളത്. സിബിഐ അന്വേഷണത്തിനുള്ള സാധ്യതയും പരിശോധിക്കപ്പെടേണ്ടതാണ്.

കണ്ണൂര്‍ കലക്ടറേറ്റില്‍ ഒക്ടോബര്‍ 14ന് നടന്ന യാത്രയയപ്പ് ചടങ്ങിനു ശേഷം നവീന്‍ ബാബുവിനെ ആരൊക്കെ സന്ദര്‍ശിച്ചെന്നു കണ്ടെത്തണമെന്നും ഹരജിയില്‍ ആവശ്യപ്പെടുന്നു. നവീനെ കൊലപ്പെടുത്തി കെട്ടിത്തൂക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. കലക്ടറേറ്റിലെയും റെയില്‍വേ സ്റ്റേഷനിലെയും നവീന്‍ താമസിച്ച ക്വാര്‍ട്ടേഴ്സിലെയും സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ചാല്‍ ഇത് മനസ്സിലാക്കാവുന്നതാണ്. എന്നാല്‍ നവീന്‍ ബാബുവിന്റെ മരണം അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘം സിസിടിവി ദൃശ്യങ്ങളൊന്നും ഇതുവരെ പിടിച്ചെടുത്തിട്ടില്ല. ഇത്തരം നിര്‍ണായക വിവരങ്ങള്‍ കണ്ടെത്താതെ കേസിലെ ഏക പ്രതിയായ പി പി ദിവ്യയെ കൃത്രിമ തെളിവ് സൃഷ്ടിക്കാന്‍ സഹായിക്കുകയാണ് അന്വേഷണ സംഘം ചെയ്യുന്നതെന്നും ഹരജിയില്‍ ആരോപിക്കുന്നു.

 

Latest