Connect with us

Kannur

എഡിഎം നവീൻ ബാബുവിന്റെ മരണം; കോഴ ആരോപണം ഉന്നയിച്ച ടി വി പ്രശാന്തന് സസ്പെൻഷൻ

ടി വി പ്രശാന്തന് എതിരെ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ജോയിന്റ് ഡിഎംഇയും വകുപ്പ് തല അന്വേഷണം നടത്തിയിരുന്നു.

Published

|

Last Updated

നവീൻ ബാബു, ടി വി പ്രശാന്തൻ

കണ്ണൂര്‍ | കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച കോഴ ആരോപണത്തിൽ ഉൾപ്പെട്ട ടി വി പ്രശാന്തനെ സർക്കാർ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്തു. പരിയാരം മെഡിക്കല്‍ കോളേജില്‍ ഇലക്ട്രീഷന്‍ ആയി ജോലി ചെയ്തുവരികയായിരുന്നു പ്രശാന്തൻ. വിവാദ പെട്രോൾ പമ്പിന് അപേക്ഷ നൽകിയത് പ്രശാന്തനായിരുന്നു.

ടി വി പ്രശാന്തന് എതിരെ ആരോഗ്യ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയും ജോയിന്റ് ഡിഎംഇയും വകുപ്പ് തല അന്വേഷണം നടത്തിയിരുന്നു. അനധികൃതമായി പ്രശാന്തൻ ജോലിയിൽ നിന്ന് വിട്ടുനിൽക്കുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സ്വകാര്യ ബിസിനസ് സംരംഭത്തിൽ ഏർപ്പെട്ടത് ഗുരുതരമായ ചട്ടലംഘനമാണെന്നും അന്വേഷണ സംഘം റിപ്പോർട്ട് നൽകിയിരന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.

പ്രശാന്തൻ സർവീസിലിരിക്കെ പെട്രോൾ പമ്പിന് അപേക്ഷ നൽകിയതിനെ കുറിച്ച് അന്വേഷിക്കാൻ മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകിയിരുന്നു. ചെങ്ങളായിയിൽ പ്രശാന്തൻ അപേക്ഷിച്ച പെട്രോൾ പമ്പിന് എൻ.ഒ.സി നൽകാത്തതിൽ അഴിമതി നടന്നതായി എ.ഡി.എമ്മിന് നൽകിയ യാത്രഅയപ്പ് യോഗത്തിൽ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ കുറ്റപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നവീൻ ബാബു ആത്മഹത്യ ചെയ്തത്.

Latest