Connect with us

Kerala

എ ഡി എമ്മിന്റെ മരണം; തുടരന്വേഷണ ചുമതലയില്‍ നിന്ന് കണ്ണൂര്‍ കലക്ടറെ മാറ്റി

ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ ഗീതക്ക് പകരം ചുമതല

Published

|

Last Updated

കണ്ണൂര്‍ | എ ഡി എം നവീന്‍ ബാബുവിന്റെ മരണത്തിലേക്ക് നയിച്ച സംഭവങ്ങളില്‍ തുടരന്വേഷണ ചുമതലയില്‍ നിന്ന് കണ്ണൂര്‍ കലക്ടറെ മാറ്റി. പകരം ചുമതല ലാന്‍ഡ് റവന്യു ജോയിന്റ് കമ്മീഷണര്‍ എ ഗീതക്ക് കൈമാറി. റവന്യൂ മന്ത്രിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് വകുപ്പില്‍ അന്വേഷണം നടക്കുന്നത്.

സംഭവത്തില്‍ എ ഡി എമ്മിന് അനുകൂലമായി കലക്ടര്‍ പ്രാഥമിക റിപ്പോര്‍ട്ട് നല്‍കിയിരുന്നു. കലക്ടര്‍ക്ക് എതിരെ ആരോപണം ഉയര്‍ന്നതോടെയാണ് അന്വേഷണ ചുമതല മറ്റൊരാളെ ഏല്‍പിച്ചത്. ദിവ്യ വരുന്നതും എഡിഎമ്മിനെതിരെ സംസാരിക്കുന്നതും കലക്ടര്‍ അറിഞ്ഞിരുന്നു എന്ന ആരോപണവും ശക്തമാവുകയാണ്. കലക്ടറുടെ ഫോണ്‍ വിളി രേഖകള്‍ ഉള്‍പ്പെടെ അന്വേഷണ സംഘം പരിശോധിച്ചേക്കും. കലക്ടര്‍ ഓഫീസില്‍ വന്നാല്‍ ശക്തമായി പ്രതിഷേധിക്കാനാണ് സര്‍വീസ് സംഘടനകളുടെ തീരുമാനം.

പി പി ദിവ്യക്കെതിരെ കണ്ണൂര്‍ ജില്ലാ കലക്ടറേറ്റ് റവന്യൂ വിഭാഗം ജീവനക്കാര്‍ പോലീസിന് മൊഴി നല്‍കി. എ ഡി എമ്മിന്റെ യാത്രയയപ്പിലേക്ക് ദിവ്യയെ വാക്കാല്‍ പോലും ക്ഷണിച്ചിരുന്നില്ലെന്ന് സ്റ്റാഫ് കൗണ്‍സില്‍ അംഗങ്ങള്‍ മൊഴി നല്‍കി. ദിവ്യ കയറി വന്നത് അപ്രതീക്ഷിതമായാണെന്നും പ്രസംഗത്തിന് ശേഷം എല്ലാവരും ഞെട്ടിത്തരിച്ചുപോയെന്നും മൊഴികളില്‍ വ്യക്തമാക്കുന്നു. എ ഡി എം മൂന്നുവരിയില്‍ മറുപടി പ്രസംഗം അവസാനിപ്പിച്ചുവെന്നും യാത്രയയപ്പ് യോഗത്തില്‍ പങ്കെടുത്തവര്‍ മൊഴി നല്‍കി.

 

Latest