Kerala
എ ഡി എമ്മിന്റെ മരണം; അടിയന്തര പ്രമേയ ചര്‍ച്ച ബഹിഷ്‌കരിച്ച് പ്രതിപക്ഷം സഭ വിട്ടു
സംസ്ഥാനത്തെ ധനപ്രതിസന്ധിയിലെ അടിയന്തര പ്രമേയ ചര്‍ച്ചക്കിടെയായിരുന്നു പ്രതിപക്ഷ ബഹളവും ഇറങ്ങിപ്പോക്കും.
തിരുവനന്തപുരം | കണ്ണൂര്‍ എ ഡി എം. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവത്തില്‍ വിശദീകരണം ആവശ്യപ്പെട്ട് നിയമസഭയില്‍ ബഹളം വച്ച് പ്രതിപക്ഷം. സംസ്ഥാനത്തെ ധനപ്രതിസന്ധിയിലെ അടിയന്തര പ്രമേയ ചര്‍ച്ചക്കിടെയായിരുന്നു ബഹളം. ഒടുവില്‍ ധനമന്ത്രി മറുപടി പറയുന്നില്ലെന്ന് ആരോപിച്ച പ്രതിപക്ഷം സഭാനടപടികള്‍ ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി.
സംസാരിച്ച് തീര്‍ന്നില്ലല്ലോ എന്ന് പറഞ്ഞ ധനമന്ത്രി, പ്രതിപക്ഷ നേതാവ് പറഞ്ഞ എല്ലാം നോട്ട് ചെയ്തിട്ടുണ്ടെന്നും മറുപടി പറയുമെന്നും വ്യക്തമാക്കി. എ ഡി എമ്മിന്റെ മരണം ദൗര്‍ഭാഗ്യകരമായ സംഭവമാണെന്ന് പിന്നീട് പറഞ്ഞ മന്ത്രി, റവന്യു മന്ത്രി മുഖ്യമന്ത്രിയുമായി സംസാരിച്ചിട്ടുണ്ടെന്നും അന്വേഷണത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പറഞ്ഞു. ഗൗരവമുള്ള കാര്യമായതിനാല്‍ അതിനനുസരിച്ച് അന്വേഷണവും നടപടിയുമെടുക്കുമെന്നും ധനമന്ത്രി പറഞ്ഞു. ഈ ഘട്ടത്തിലാണ് പ്രതിപക്ഷം ബഹളം വെച്ചത്.
പ്രതിപക്ഷത്തിന്റെ അനാവശ്യമായ ബഹളം അംഗങ്ങള്‍ എല്ലാവരും നാട്ടിലേക്ക് മടങ്ങാന്‍ ട്രെയിന്‍ ടിക്കറ്റ് എടുത്തത് കൊണ്ടാണെന്ന് മനസ്സിലാകുമെന്ന് ധനമന്ത്രി പരിഹസിച്ചു. ട്രെയിനിന്റെ സമയം അനുസരിച്ച് സഭ ബഹിഷ്‌കരിക്കുന്നത് ശരിയല്ലെന്ന് എം ബി രാജേഷും നിലപാടെടുത്തു. പ്രതിപക്ഷം സ്വന്തം അടിയന്തര പ്രമേയത്തില്‍ നിന്ന് ഒളിച്ചോടുന്നത് രണ്ടാം തവണയാണെന്ന് മന്ത്രി രാജീവ് ആരോപിച്ചു.
വിശ്വസ്തനായ നല്ല ഉദ്യോഗസ്ഥനായിരുന്നു നവീന്‍ ബാബുവെന്നും അദ്ദേഹത്തിന്റെ മരണത്തില്‍ സമഗ്രാന്വേഷണം നടക്കുമെന്നും റവന്യൂ മന്ത്രി സഭയെ അറിയിച്ചു.