Kerala
കയർ ബോർഡ് ജീവനക്കാരി ജോളി മധുവിന്റെ മരണം; തൊഴില്‍ പീഡന പരാതിയില്‍ അന്വേഷണത്തിന് ഉത്തരവിട്ട് കേന്ദ്രസര്‍ക്കാര്‍
കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജയെ നേരില്‍ കണ്ട്ജോളി പരാതി നല്‍കിയിരുന്നുവെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിച്ചിരുന്നു.
![](https://assets.sirajlive.com/2025/02/joly-madhu-897x538.jpg)
കൊച്ചി | കയര്‍ബോര്‍ഡ് ജീവനക്കാരി ജോളി മധുവിന്റെ മരണത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്ര എംഎസ്എംഇ മന്ത്രാലയം.ജോളി ഉന്നയിച്ച തൊഴില്‍ പീഡന പരാതിയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ പരിശോധിക്കാന്‍ എംഎസ്എംഇ മൂന്നംഗ അന്വേഷണ കമ്മിറ്റി രൂപീകരിച്ചു.പതിനഞ്ച് ദിവസത്തിനകം അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാനാണ് ഇപ്പോള്‍ എംഎസ്എംഇ മന്ത്രാലയം ഉത്തരവിട്ടിരിക്കുന്നത്.
തൊഴിലിടത്തെ പീഡനത്തെ തുടര്‍ന്നാണ് ജോളിക്ക് മരണം സംഭവിച്ചതെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണ് കുടുംബം.ജോളി കാന്‍സര്‍ അതിജീവിതയാണ്. അത് പരിഗണിക്കാതെയാണ് തൊഴിലിടത്തില്‍ അതീവ മാനസിക സമ്മര്‍ദം അനുഭവിക്കേണ്ടിവന്നതെന്നാണ് കുടുംബം പറയുന്നത്.സംഭവത്തില്‍ കയര്‍ബോര്‍ഡ് ചെയര്‍മാനും മുന്‍ സെക്രട്ടറിക്കുമെതിരെ കുടുംബം പരാതിയുമായി രംഗത്തെത്തിയിരുന്നു.
കേന്ദ്ര സഹമന്ത്രി ശോഭ കരന്തലജയെ നേരില്‍ കണ്ട് ജോളി പരാതി നല്‍കിയിരുന്നുവെന്നും ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നടപടിയെടുത്തില്ലെന്നും കുടുംബം ആരോപിച്ചിരുന്നു. ഓഫിസിലെ തൊഴില്‍ പീഡനത്തെ പറ്റി പ്രധാനമന്ത്രിയുടെ ഓഫീസിനും രാഷ്ട്രപതിക്കും ജോളി കത്തയച്ചിരുന്നു. ഈ കത്തുകള്‍ അയച്ചതിന്റ പേരില്‍ പോലും പ്രതികാര നടപടികള്‍ ഉണ്ടായി. സമ്മര്‍ദം താങ്ങാനാവാതെ ഇക്കഴിഞ്ഞ ജനുവരി മുപ്പതിന് ജോളിക്ക് സെറിബ്രല്‍ ഹെമിറേജ് ബാധിക്കുകയായിരുന്നെന്നുമാണ് കുടുംബം ആരോപിക്കുന്നത്.