Kerala
ജീവനക്കാരുടെ സമരം കാരണം കുടുംബത്തെ കാണാനാകാതെ പ്രവാസിയുടെ മരണം; നഷ്ടപരിഹാരം നല്‍കാനാകില്ലെന്ന് എയര്‍ ഇന്ത്യ
നഷ്ടപരിഹാരവും എയര്‍ ഇന്ത്യക്കെതിരെ നിയമനടപടിയും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
തിരുവനന്തപുരം | ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് കുടുംബത്തെ കാണാനാകാതെ മസ്‌കത്തില്‍ പ്രവാസി മരിച്ച സംഭവത്തില്‍ കനിവില്ലാത്ത നിലപാടുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ്സ്. സംഭവത്തില്‍ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാനാകില്ലെന്നാണ് എയര്‍ലൈന്‍സ് അധികൃതര്‍ വ്യക്തമാക്കിയിട്ടുള്ളത്. ഒമാനിലെ ആശുപത്രിയില്‍ അത്യാസന്ന നിലയിലായിരുന്ന കരമന സ്വദേശി നമ്പി രാജേഷ് ആണ് കുടുംബത്തെ അവസാനമായി ഒരുനോക്ക് കാണാനാകാതെ മരിച്ചത്. നഷ്ടപരിഹാരവും എയര്‍ ഇന്ത്യക്കെതിരെ നിയമനടപടിയും ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം.
എയര്‍ലൈന്‍സ് കാബിന്‍ ക്രൂ അംഗങ്ങളുടെ സമരം കാരണം നമ്പി രാജേഷിന്റെ ഭാര്യക്കും മാതാവിനും വിദേശത്തേക്ക് പോകാന്‍ കഴിഞ്ഞിരുന്നില്ല. സംഭവത്തിന്റെ ഉത്തരവാദിത്തം തങ്ങള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് കാണിച്ചാണ് വിമാന കമ്പനി കുടുംബത്തിന്റെ ആവശ്യം നിരാകരിച്ചത്. നഷ്ടപരിഹാരം വേണമെന്ന് ആവശ്യപ്പെട്ട് കുടുംബം എയര്‍ ഇന്ത്യ എക്‌സ്പ്രസ്സിന് ഇ മെയില്‍ അയച്ചിരുന്നു. ഇതിനോടാണ് കമ്പനി അധികൃതരുടെ നിഷേധാത്മക പ്രതികരണം.
എയര്‍ ഇന്ത്യ എക്സ്പ്രസ്സ് ഗുരുതരവും മനുഷ്യത്വ രഹിതവുമായ വീഴ്ചയാണ് വരുത്തിയതെന്ന് ചൂണ്ടിക്കാട്ടി നമ്പി രാജേഷിന്റെ ഭാര്യ അമൃത, മുഖ്യമന്ത്രിക്കും ഗവര്‍ണര്‍ക്കും പ്രതിപക്ഷ നേതാവിനുമുള്‍പ്പെടെ പരാതി നല്‍കിയിരുന്നു. വിഷയത്തില്‍ ഇടപെട്ട് മുഖ്യമന്ത്രിയടക്കമുള്ളവര്‍ വ്യോമയാന മന്ത്രിക്ക് കത്തയക്കുകയും ചെയ്തു.
കഴിഞ്ഞ മാസം ഏഴിനാണ് ഒമാനിലെ ജോലി സ്ഥലത്ത് കുഴഞ്ഞുവീണ നമ്പി രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വിവരമറിഞ്ഞ് എട്ടാം തീയതി ഒമാനിലേക്ക് പുറപ്പെടാന്‍ ഭാര്യ അമൃത വിമാന ടിക്കറ്റെടുത്തെങ്കിലും എയര്‍ ഇന്ത്യാ എക്‌സ്പ്രസ്സ് ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് യാത്ര മുടങ്ങുകയായിരുന്നു. വീണ്ടും ടിക്കറ്റെടുത്തെങ്കിലും സമരം മൂലം ആ സര്‍വീസും റദ്ദാക്കി. ഇതോടെ യാത്ര വീണ്ടും മുടങ്ങി. ഇതിനിടയില്‍ 13 ന് രാവിലെ രാജേഷ് മരണപ്പെടുകയായിരുന്നു.