International
ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ മരണം; ഹെലികോപ്റ്റര്‍ അപകടത്തില്‍ അട്ടിമറിയില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്
വ്യോമപാതയില്‍ നിന്ന് ഹെലികോപ്ടര്‍ വ്യതിചലിച്ചിട്ടില്ല. സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നുമാണ് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്.
ടെഹ്‌റാന്‍| ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സിയുടെ ഹെലികോപ്ടര്‍ അപകട മരണത്തില്‍ അട്ടിമറിയില്ലെന്ന് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. വ്യോമപാതയില്‍ നിന്ന് ഹെലികോപ്ടര്‍ വ്യതിചലിച്ചിട്ടില്ല. സംശയാസ്പദമായ ഒന്നും കണ്ടെത്തിയിട്ടില്ലെന്നുമാണ് വിദഗ്ധ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. വാച്ച് ടവറും ഫ്‌ലൈറ്റ് ജീവനക്കാരും തമ്മിലുള്ള സംഭാഷണത്തില്‍ സംശയാസ്പദമായി ഒന്നും കണ്ടെത്തിയില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശമുണ്ട്.
ഇബ്രാഹിം റെയ്‌സിയോടൊപ്പം വിദേശകാര്യ മന്ത്രി ഹുസൈന്‍ അബ്ദുല്ല ഹിയാനും ഹെലികോപ്ടര്‍ അപകടത്തില്‍ മരണപ്പെട്ടിട്ടുണ്ട്. ഇറാന്റെ സായുധ സേനാ മേധാവിയാണ് അന്വേഷണ റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.
ഞായറാഴ്ച വൈകീട്ടാണ് ഇബ്റാഹീം റെയ്സിയും സംഘവും സഞ്ചരിച്ച ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അദ്ദേഹമടക്കം ഒന്‍പത് പേര്‍ കൊല്ലപ്പെട്ടത്. അസര്‍ബൈജാനില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതായിരുന്നു ഇബ്രാഹീം റെയ്സി. മൂന്ന് ഹെലിക്കോപ്റ്ററുകളിലായിട്ടാണ് പ്രസിഡന്റും സംഘവും ഇറാനിലേക്ക് മടങ്ങിയിരുന്നത്. എന്നാല്‍ പ്രസിഡന്റ് സഞ്ചരിച്ച ഹെലിക്കോപ്റ്റര്‍ ലക്ഷ്യ സ്ഥാനത്ത് എത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കോപ്റ്റര്‍ മലയിടുക്കില്‍ തകര്‍ന്നുവീണതായി കണ്ടെത്തിയത്.
സണ്‍ഗുണ്‍ എന്ന ചെമ്പ് ഖനിക്ക് സമീപമാണ് ഹെലികോപ്റ്റര്‍ തകര്‍ന്നത്. ഇറാനിലെ കിഴക്കന്‍ അസര്‍ബൈജാന്‍ പ്രവിശ്യയിലെ ജോല്‍ഫയ്ക്കും വര്‍സാഖാനും ഇടയിലാണ് ഈ സ്ഥലം സ്ഥിതിചെയ്യുന്നത്. മോശം കാലാവസ്ഥയും കനത്ത മൂടല്‍ മഞ്ഞും കാരണം കോപ്റ്റര്‍ ഇടിച്ചിറക്കുകയായിരന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
അപകടം കഴിഞ്ഞ് ഏറെ മണിക്കൂറുകള്‍ക്ക് ശേഷമാണ് അപകട സ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ക്ക് എത്തിച്ചേരാനായത്. പിറ്റേ ദിവസം രാവിലെയാണ് കോപ്റ്ററിന്റെ അവശിഷ്ടങ്ങള്‍ മലയിടുക്കില്‍ കണ്ടെത്തിയത്. പിന്നെയും ഏറെ സമയത്തെ തിരച്ചിലിന് ഒടുവിലാണ് റെയ്സിയുടെയും മറ്റുള്ളവരുടെയും മൃതദേഹങ്ങള്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെടുക്കാനായത്.