National
പുനീതിന്റെ മരണം; ആശുപത്രികളില്‍ ഹൃദയപരിശോധനക്ക് പ്രതിദിനം എത്തുന്നവര്‍ ആയിരത്തിലധികം
ജിമ്മില്‍ പോയി വ്യായാമം ചെയ്താല്‍ ഹൃദയാഘാതം വരുമോ എന്ന് പലരും ഭയപ്പെടുന്നുണ്ട്.
ബെംഗളുരു| കന്നട നടന്‍ പുനീത് രാജ്കുമാറിന്റെ മരണത്തിനു പിന്നാലെ ബെംഗളുരുവിലെ ആശുപത്രികളില്‍ ഹൃദയപരിധോധനയ്ക്ക് എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ധന. ആയിരങ്ങളാണ് പ്രതിദിനം ഹൃദയ പരിശോധനയ്ക്ക് എത്തുന്നതെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. പുനീത് രാജ്കുമാര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചതിന് പിന്നാലെ കര്‍ണാടകയിലെ എല്ലാ ആശുപത്രികളിലും ഹൃദയാരോഗ്യം പരിശോധിക്കാന്‍ എത്തുന്നവരുടെ എണ്ണം കൂടിയെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.
ഒന്നിലധികം ഹൃദ്രോഗ ലക്ഷണങ്ങളോ പാരമ്പര്യമായി ഹൃദ്രോഗമോ ഉണ്ടെങ്കിലാണ് ജാഗ്രത കാണിക്കേണ്ടത്. ഇതൊരു പകര്‍ച്ചവ്യാധിയല്ലെന്ന ബോധവത്കരണമാണ് ആശുപത്രികളിലെത്തുന്നവര്‍ക്ക് ഡോക്ടര്‍മാര്‍ നല്‍കുന്നത്. യുവാക്കളാണ് ഇപ്പോള്‍ കൂടുതലായി ഹൃദയ പരിശോധനയ്ക്ക് എത്തുന്നതെന്ന് മണിപ്പാല്‍ ആശുപത്രിയിലെ ഡോ.സുദര്‍ശന്‍ ബല്ലാള്‍ പറഞ്ഞു.
ജിമ്മില്‍ പോയി വ്യായാമം ചെയ്താല്‍ ഹൃദയാഘാതം വരുമോ എന്ന് പലരും ഭയപ്പെടുന്നുണ്ട്. ഇത് ശരിയല്ല. ജിമ്മും ഹൃദയാഘാതവുമായി യാതൊരു ബന്ധവുമില്ലെന്ന് സ്റ്റീവ് ജിം ബെംഗളുരുവിന്റെ സ്ഥാപകന്‍ ഡി സ്റ്റീവ് പറഞ്ഞു. പുനീത് രാജ്കുമാറിന് ജിമ്മില്‍ വര്‍ക്ക്ഔട്ട് ചെയ്തതിനു പിന്നാലെയാണ് ഹൃദയാഘാതം സംഭവിച്ചത്. ഇതോടെയാണ് ജിമ്മിലെ വ്യായാമം ഹൃദ്രോഗത്തിനു കാരണമാകുമോ എന്ന ഭയം യുവാക്കളിലുണ്ടായത്.
സംസ്ഥാന സര്‍ക്കാര്‍ ജിമ്മുകള്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കിവരികയാണ്. മാര്‍ഗനിര്‍ദേശങ്ങള്‍ തയ്യാറാക്കാന്‍ ആരോഗ്യമന്ത്രി, ഹൃദ്രോഗ വിദഗ്ധരായ ഡോ.കെ സുധാകര്‍, ഡോ.ദേവി ഷെട്ടി, ഡോ മഞ്ജുനാഥ് എന്നിവരുമായി കൂടിയാലോചന നടത്തി.