Kerala
റിഫ മെഹ്നുവിന്റെ മരണം; ഭര്‍ത്താവ് മെഹ്നാസ് മൊയ്തുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി
സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി പോലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി.
കൊച്ചി | വ്‌ളോഗര്‍ റിഫ മെഹ്നു ദുരൂഹ സാഹചര്യത്തില്‍ മരിച്ച കേസില്‍ ഭര്‍ത്താവ് മെഹ്നാസ് മൊയ്തുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. ജസ്റ്റിസ് ബെച്ചു കുര്യന്‍ തോമസാണ് ജാമ്യാപേക്ഷ തള്ളിയത്. സംഭവത്തില്‍ ദുരൂഹത സംശയിക്കുന്നതായി ചൂണ്ടിക്കാട്ടി പോലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കോടതി നടപടി. ആത്മഹത്യാ പ്രേരണക്കുറ്റമാണ് മെഹ്നാസിനെതിരെ ചുമത്തിയിട്ടുള്ളത്. മാര്‍ച്ച് ഒന്നിന് പുലര്‍ച്ചെയാണ് റിഫയെ ദുബൈ ജാഹിലിയയിലെ ഫ്‌ളാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
റിഫ മാനസിക-ശാരീരിക പീഡനങ്ങള്‍ക്ക് ഇരയായിരുന്നുവെന്നും ഇതാണ് മരണത്തിലേക്കു നയിച്ചതെന്നും കാക്കൂര്‍ പോലീസ് നടത്തിയ പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് സ്ത്രീയെ മാനസികമായും ശാരീരികമായും ഉപദ്രവിക്കല്‍, ആത്മഹത്യാ പ്രേരണക്കുറ്റം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം മെഹനാസിനെതിരെ കേസെടുക്കുകയായിരുന്നു.