Ongoing News
സഊദി ബാലന്റെ മരണം; അബ്ദുല്‍ റഹീമിന്റെ കേസ് വീണ്ടും മാറ്റി; മോചനത്തില്‍ തീരുമാനം നീളും
പത്താം തവണയാണ് റിയാദ് കോടതി കേസ് മാറ്റുന്നത്

റിയാദ് | സഊദി ബാലന്‍ മരിക്കാനിടയായ കേസില്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ കേസ് വീണ്ടും മാറ്റിവെച്ചതോടെ മോചനത്തില്‍ തീരുമാനം നീളും. പത്താം തവണയാണ് റിയാദ് കോടതി കേസ് മാറ്റുന്നത്. വിലെ 11ന് ആരംഭിച്ച സിറ്റിങ്ങില്‍ പതിവുപോലെ ജയിലില്‍നിന്ന് അബ്ദുല്‍ റഹീമും പ്രതിഭാഗം അഭിഭാഷകരും ഇന്ത്യന്‍ എംബസി പ്രതിനിധി സവാദും കുടുംബ പ്രതിനിധി സിദ്ദിഖ് തുവ്വൂരും പങ്കെടുത്തതായി നിയമ സഹായ സമിതി അറിയിച്ചു.
ഒന്നര കോടി സഊദി റിയാല്‍ (34 കോടിയിലേറെ ഇന്ത്യന്‍ രൂപ) ദിയാധനം നല്‍കുകയും കോടതി വധശിക്ഷ ഒഴിവാക്കുകയും ചെയ്‌തെങ്കിലും പബ്ലിക് റൈറ്റ് പ്രകാരമുള്ള കേസില്‍ തീര്‍പ്പുണ്ടാവാത്തതിനാലാണ് മോചന കാര്യത്തില്‍ അനിശ്ചിതത്വം തുടരുന്നത്. ഇതിനുവേണ്ടിയുള്ള ആദ്യ സിറ്റിങ് ഒക്ടോബര്‍ 21നാണ് നടന്നത്. എന്നാല്‍ ബഞ്ച് മാറിയെന്നും വധശിക്ഷ ഒഴിവാക്കിയ ബഞ്ച് തന്നെയാണ് മോചന കാര്യത്തിലും തീരുമാനമെടുക്കേണ്ടതെന്നും അറിയിച്ച് കോടതി കേസ് മാറ്റിവെക്കുകയായിരുന്നു.
തുടര്‍ന്ന് കഴിഞ്ഞ നവംബര്‍ 17 ന് വധശിക്ഷ ഒഴിവാക്കിയ അതേ ബഞ്ച് കേസ് പരിഗണിച്ചെങ്കിലും വിഷയം സൂക്ഷ്മമായി പരിശോധിക്കേണ്ടതുള്ളതിനാല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് കേസ് ഡിസംബര്‍ എട്ടിലേക്ക് മാറ്റി. ആ തീയതിയില്‍ നടന്ന സിറ്റിങ്ങിലും തീരുമാനമായില്ല. പല തവണ ഇത്തരത്തില്‍ കേസ് മാറ്റിവെക്കേണ്ടി വന്നു. മാര്‍ച്ച് മൂന്നിനായിരുന്നു കഴിഞ്ഞ സിറ്റിങ്. അന്ന് കോടതി റിയാദ് ഗവര്‍ണറേറ്റിനോട് കേസിന്റെ ഒറിജിനല്‍ ഫയല്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടിരുന്നു. വിശദമായ പരിശോധനകള്‍ക്ക് വേണ്ടിയായിരുന്നു പലതവണ കോടതി കേസ് മാറ്റിയത്.