Connect with us

Kerala

ഷൈനിയുടെയും മക്കളുടെയും മരണം; പ്രതി നോബി ലൂക്കോസിന് ജാമ്യം

കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ കഴിഞ്ഞ 28 ദിവസമായി റിമാന്‍ഡിലായിരുന്നു നോബി.

Published

|

Last Updated

കോട്ടയം | ഏറ്റുമാനൂരിലെ ഷൈനിയുടെയും പെണ്‍മക്കളുടെയും മരണത്തില്‍ പ്രതിയായ നോബി ലൂക്കോസിന് ജാമ്യം. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. കേസില്‍ കഴിഞ്ഞ 28 ദിവസമായി റിമാന്‍ഡിലായിരുന്നു നോബി. ഏറ്റുമാനൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യാപേക്ഷ നേരത്തെ തള്ളിയിരുന്നു.

തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന പ്രോസിക്യൂഷന്‍ വാദം കണക്കിലെടുക്കാതെയാണ് പ്രതിക്ക് ജാമ്യം അനുവദിച്ചത്. ജാമ്യം നല്‍കുന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രോസിക്യൂഷന്‍ വാദിച്ചിരുന്നു. നോബി ലൂക്കോസ് ഷൈനിയെ പിന്തുടര്‍ന്ന് പീഡിപ്പിച്ചതാണ് ആത്മഹത്യയ്ക്ക് കാരണമായതെന്നാണ് പോലീസ് റിപോര്‍ട്ട്. എന്നാല്‍, കേസില്‍ നോബിയുടെ പങ്ക് തെളിയിക്കുന്ന ഒരു തെളിവും കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. നോബിയുടെ ജാമ്യാപേക്ഷയെ എതിര്‍ത്ത് ഷൈനിയുടെ പിതാവ് കുര്യക്കോസും ഹരജി നല്‍കിയിട്ടുണ്ട്.

ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് ഏറ്റുമാനൂര്‍ പൊലീസ് നോബിയെ അറസ്റ്റ് ചെയ്തത്. ഷൈനിയെയും മക്കളായ അലീന, ഇവാന എന്നിവരെയും റെയില്‍വേ ട്രാക്കില്‍ ജീവനൊടുക്കുകയായിരുന്നു. ഫെബ്രുവരി 28ന് ഏറ്റുമാനൂര്‍ പാറോലിക്കല്‍ റെയില്‍വേ ഗേറ്റിനു സമീപത്തായാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കോട്ടയം നിലമ്പൂര്‍ റോഡ് എക്‌സ്പ്രസ്സ് ഇടിച്ചാണ് മൂവരും മരിച്ചത്.

പള്ളിയില്‍ പോകാനെന്നു പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഷൈനി റെയില്‍വേ ട്രാക്കിലെത്തി മക്കളുമായി ജീവനൊടുക്കുകയായിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ വ്യക്തമായി. ബി എസ് സി നഴ്‌സ് ബിരുദധാരിയായിരുന്ന ഷൈനി ജോലിക്ക് പോകാന്‍ ആഗ്രഹിച്ചിരുന്നുവെങ്കിലും ഭര്‍ത്താവ് നോബി പിന്തുണച്ചിരുന്നില്ല. ഇതിന്റെ പേരില്‍ നോബി ഷൈനിയെ ഉപദ്രവിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് വിവാഹമോചനത്തിന് ശ്രമിച്ചെങ്കിലും നോബി സമ്മതിക്കുന്നില്ലെന്ന് വ്യക്തമാക്കുന്ന ഷൈനിയുടെ ഒരു ശബ്ദസന്ദേശം പുറത്തുവന്നിരുന്നു. നോബി വരുത്തിവെച്ച ചില സാമ്പത്തിക ബാധ്യതകളും ഷൈനിക്കുണ്ടായിരുന്നു.

നോബിയുടെ പിതാവിന്റെ ചികിത്സയ്ക്കും വീട് പുതുക്കി പണിയുന്നതിനുമായി ഷൈനി കുടുംബശ്രീയില്‍ നിന്ന് വായ്പയെടുത്തിരുന്നു. എന്നാല്‍, ഇത് തിരിച്ചടയ്ക്കാന്‍ നോബി സഹായിച്ചില്ല. ഇതോടെ മുതലും പലിശയും പെരുകി. നോബിയുടെ മാനസിക, ശാരീരിക പീഡനങ്ങള്‍ സഹിക്കാനാവാതെയാണ് ഷൈനി മക്കളുമായി സ്വന്തം വീട്ടിലേയ്ക്ക് പോയത്.