Kerala
സിദ്ധാര്‍ഥന്റെ മരണം; 17 വിദ്യാര്‍ഥികളെ ഡീബാര്‍ ചെയ്ത നടപടി ഹൈക്കോടതി റദ്ദാക്കി
വിദ്യാര്‍ഥികള്‍ക്ക് മറ്റ് കോളജുകളില്‍ പ്രവേശനം നേടുന്നതിനുള്ള മൂന്ന് വര്‍ഷത്തെ വിലക്കും കോടതി നീക്കി

കൊച്ചി | വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ പ്രതികളായ 17 വിദ്യാര്‍ഥികളെ ഡീബാര്‍ ചെയ്ത സര്‍വകലാശാല നടപടി ഹൈക്കോടതി റദ്ദാക്കി. വിദ്യാര്‍ഥികള്‍ക്ക് മറ്റ് കോളജുകളില്‍ പ്രവേശനം നേടുന്നതിനുള്ള മൂന്ന് വര്‍ഷത്തെ വിലക്കും കോടതി നീക്കി. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് സര്‍വകലാശാല നടപടികളെന്ന് കാണിച്ച് പ്രതികള്‍ സമര്‍പ്പിച്ച ഹരജികളിലാണ് ജസ്റ്റിസ് എഎ സിയാദ് റഹ്മാന്റെ ഉത്തരവ്.പുതിയ അന്വേഷണം നടത്താന്‍ സര്‍വകലാശാല ആന്റി റാഗിങ് സ്‌ക്വാഡിനു ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.
വിദ്യാര്‍ഥികള്‍ക്കു മണ്ണുത്തില്‍ പഠനം തുടരാന്‍ അവസരം നല്‍കണമെന്നും എന്നാല്‍ ഇതു പുതിയ അന്വേഷണ റിപ്പോര്‍ട്ടിന് വിധേയമായിരിക്കുമെന്നും കോടതി വ്യക്തമാക്കി. നാല് മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് കോടതി നിര്‍ദ്ദേശം.കോടതിയുടെ ഇടക്കാല ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ഹരജിക്കാര്‍ എഴുതിയ പരീക്ഷയുടെ ഫലം അന്വേഷണ ഫലം പുറത്തു വരുന്നതുവരെ പ്രസിദ്ധീകരിക്കരുത്. ഹരജിക്കാരില്‍ ആരെങ്കിലും കുറ്റക്കാരെന്നു കണ്ടെത്തിയാല്‍ ആ പരീക്ഷ റദ്ദാക്കപ്പെടുമെന്നും കോടതി വ്യക്തമാക്കി.