Connect with us

Kerala

സിദ്ധാര്‍ഥന്റെ മരണം; 19 പ്രതികൾക്ക് ഉപാധികളോടെ ജാമ്യം

കേസിന്റെ വിചാരണ കഴിയുംവരെ വയനാട് ജില്ലയില്‍ പ്രവേശിക്കരുതെന്നും പ്രതികള്‍ സംസ്ഥാനം വിട്ടുപോകരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു.

Published

|

Last Updated

കൊച്ചി | പൂക്കോട് വെറ്റിനറി സര്‍വകലാശാല വിദ്യാര്‍ഥി ജെഎസ് സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ 19 പേര്‍ക്ക് ജാമ്യം. കര്‍ശന ഉപാധികളോടെയാണ് ഹൈക്കോടതി കേസിലെ പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.

കേസിന്റെ വിചാരണ കഴിയും വരെ വയനാട് ജില്ലയില്‍ പ്രവേശിക്കരുതെന്നും പ്രതികള്‍ സംസ്ഥാനം വിട്ടുപോകരുതെന്നും കോടതി ഉത്തരവില്‍ പറയുന്നു. ജസ്റ്റിസ് സിഎസ് ഡയസാണ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചത്.

കേസില്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്, തുടര്‍ന്നും തങ്ങളുടെ കസ്റ്റഡി ആവശ്യമില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതികള്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്. ജാമ്യം നല്‍കരുതെന്ന സിബിഐയുടെ എതിര്‍പ്പ് തള്ളിയാണ് ഹൈക്കോടതി നടപടി.

പ്രതികള്‍ കേസിനെ ഒരുവിധത്തിലും സ്വാധീനിക്കാന്‍ കെല്‍പ്പുള്ളവരല്ലെന്നും വിദ്യാര്‍ഥികളായ ഇവര്‍ രണ്ട് മാസത്തിലധികമായി ജ്യൂഡീഷല്‍ കസ്റ്റഡിയില്‍ തുടരുകയാണെന്നും പ്രതികളുടെ അഭിഭാഷകന്‍ കോടതിയെ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട് സാക്ഷിമൊഴികള്‍ നിര്‍ണായകമാണെന്നും പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നുമായിരുന്നു സിബിഐയുടെ വാദം.

2024 ഫെബ്രുവരി 18നാണ് സിദ്ധാര്‍ഥനെ ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രതികള്‍ പരസ്യവിചാരണ നടത്തുകയും മര്‍ദിക്കുകയും ചെയ്തതിനെ തുടര്‍ന്ന് സിദ്ധാര്‍ഥന്‍ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് കേസ്.