Kerala
സിദ്ധാര്‍ഥന്റെ മരണം; ഹോസ്റ്റല്‍ ശുചിമുറിയില്‍ സി.ബി.ഐ ഡമ്മി പരിശോധന നടത്തി
ഡിഐജി ലൗലി കട്ടിയാറിന്റെ നേതൃത്വത്തിലായിരുന്നു ശാസ്ത്രീയ പരിശോധന നടന്നത്.
കല്‍പ്പറ്റ| പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി ജെ എസ് സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ ഹോസ്റ്റല്‍ ശുചിമുറിയില്‍ സിബിഐ ഡമ്മി പരിശോധന നടത്തി. സിദ്ധാര്‍ഥന്റെ തൂക്കവും ഉയരുവമുള്ള ഡമ്മി എത്തിച്ചായിരുന്നു ശാസ്ത്രീയ പരിശോധന നടത്തിയത്. ഡിഐജി ലൗലി കട്ടിയാറിന്റെ നേതൃത്വത്തിലായിരുന്നു ശാസ്ത്രീയ പരിശോധന നടന്നത്. ഡല്‍ഹിയില്‍ നിന്നുള്ള ഫോറന്‍സിക് സംഘവും ഹോസ്റ്റലില്‍ എത്തിയിരുന്നു.
ഇന്ന് രാവിലെ ഒമ്പതരക്കാണ് സി.ബി.ഐ സംഘം പൂക്കോട് വെറ്റിനറി കോളജിലെ ആണ്‍കുട്ടികളുടെ ഹോസ്റ്റലിലെത്തിയത്. സിദ്ധാര്‍ഥന് മര്‍ദനം നേരിട്ട മുറി, ആള്‍ക്കൂട്ട വിചാരണക്ക് ഇരയായ നടുമുറ്റം, തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ ശുചിമുറി എന്നിവിടങ്ങളിലെല്ലാമാണ് അന്വേഷണ സംഘം പരിശോധന നടത്തിയത്. ഡി.ഐജി, രണ്ട് എസ് പിമാര്‍ ഉള്‍പ്പെടുന്ന പത്ത് പേര്‍ അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
സിദ്ധാര്‍ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ സമയത്ത് ഉള്ളവരെല്ലാം സി.ബി.ഐ ആവശ്യപ്പെട്ടതനുസരിച്ച് എത്തിയിരുന്നു. സിദ്ധാര്‍ഥന്റെ അച്ഛന്റെ മൊഴിയെടുപ്പും കഴിഞ്ഞിരുന്നു. വിദ്യാര്‍ഥികളില്‍ നിന്നും വിവരം ശേഖരിച്ചിരുന്നു. മൂന്ന് തവണയായി നേരത്തെ സി.ബി.ഐ കാമ്പസിലെത്തി പല പരിശോധനകള്‍ നടത്തിയിരുന്നു.
കേസ് കൊച്ചിയിലെ സി.ബി.ഐ കോടതിയിലേക്ക് മാറ്റാന്‍ കല്‍പ്പറ്റ കോടതിയില്‍ അപേക്ഷയും നല്‍കിയിട്ടുണ്ട്. താമസിയാതെ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങുന്നതടക്കം നടപടികളിലേക്ക് സി.ബി.ഐ കടക്കും. കല്‍പ്പറ്റ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള പോലീസ് സംഘവും സി.ബി.ഐയ്‌ക്കൊപ്പമുണ്ടായിരുന്നു.
സിദ്ധാര്‍ത്ഥന്റെ മരണം കൊലപാതകമാണെന്ന പരാതി ഉയര്‍ന്ന പശ്ചാത്തലത്തിലാണ് ശാസ്ത്രീയ പരിശോധന നടത്തിയത്. സിദ്ധാര്‍ത്ഥനെ മരിച്ച നിലയില്‍ കണ്ടെത്തിയ ഹോസ്റ്റലിലെ ശുചി മുറി അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. ഇതിന്റെ വാതില്‍ പൊളിച്ച് പരിശോധിച്ചപ്പോഴാണ് അടിവസ്ത്രത്തില്‍ തൂങ്ങി നില്ക്കുന്ന നിലയില്‍ സിദ്ധാര്‍ത്ഥനെ കണ്ടെത്തിയതെന്നാണ് വിദ്യാര്‍ഥികളടക്കം മൊഴി നല്കിയത്. ഇതില്‍ വ്യക്തത വരുത്തുന്നതിനാണ് പരിശോധന നടത്തിയത്.