Kerala
സിദ്ധാര്‍ത്ഥന്റെ മരണം; സിബിഐ ഇന്ന് അച്ഛന്റെയും അമ്മാവന്റെയും മൊഴി രേഖപ്പെടുത്തും
കോളജില്‍ പരിശോധന നടത്തിയ സിബിഐ സംഘം, സിദ്ധാര്‍ത്ഥന്റെ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളുടെ മൊഴിയും രേഖപ്പെടുത്തി.
കല്‍പ്പറ്റ|വയനാട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ത്ഥന്റെ മരണത്തില്‍ അന്വേഷണം ഏറ്റെടുത്ത സിബിഐ സംഘം ഇന്ന് അച്ഛന്റെയും അമ്മാവന്റെയും മൊഴി രേഖപ്പെടുത്തും. കോളജില്‍ പരിശോധന നടത്തിയ സിബിഐ സംഘം, സിദ്ധാര്‍ത്ഥന്റെ ഹോസ്റ്റലിലെ വിദ്യാര്‍ത്ഥികളുടെ മൊഴിയും രേഖപ്പെടുത്തി.
സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ എഫ്ഐആര്‍ സമര്‍പ്പിച്ചിട്ടുണ്ട്. കല്‍പ്പറ്റ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഇന്നലെ ഉച്ചക്കാണ് എഫ്ഐആര്‍ സമര്‍പ്പിച്ചത്. കേസില്‍ 20 പ്രതികള്‍ക്ക് പുറമെ കൂടുതല്‍ പ്രതികള്‍ ഉണ്ടാകും എന്ന് എഫ്ഐആറില്‍ പരാമര്‍ശമുണ്ട്. നാല് ദിവസങ്ങള്‍ക്കു മുന്‍പാണ് കേസില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തത്.
സിബിഐ എസ്പിയുടെ നേതൃത്വത്തിലുള്ളതാണ് അന്വേഷണ സംഘം. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന കല്‍പ്പറ്റ ഡിവൈഎസ്പി ടിഎന്‍ സജീവില്‍ നിന്ന് സിബിഐ സംഘം വിശദാംശങ്ങള്‍ ശേഖരിച്ചു. കേസ് സിബിഐയ്ക്ക് വിട്ട് അടിയന്തരമായി വിജ്ഞാപനമിറക്കാന്‍ കേന്ദ്രസര്‍ക്കാരിനോട് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. അന്വേഷണത്തിലെ കാലതാമസം ഇരയ്ക്ക് നീതി കിട്ടാതിരിക്കാന്‍ കാരണമാകുമെന്നാണ് കോടതി നിരീക്ഷണം. അന്വേഷണം സിബിഐ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സിദ്ധാര്‍ഥന്റെ പിതാവും ഹരജി നല്‍കിയിരുന്നു.