Connect with us

Kerala

സിദ്ധാര്‍ഥന്റെ മരണം; അന്വേഷണം വഴിമുട്ടിയിരിക്കുകയാണെന്ന് പിതാവ് ജയപ്രകാശ്

എസ്.എഫ്.ഐ നേതൃത്വത്തിന്റെ അറിവോടെയാണ് മകന്റെ കൊലപാതകം നടന്നതെന്നും മുഖ്യമന്ത്രിയെ ഇനി കാണാന്‍ ആലോചനയില്ലെന്നും ജയപ്രകാശ് പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം| പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥിയായിരുന്ന സിദ്ധാര്‍ഥന്റെ മരണത്തില്‍ അന്വേഷണം വഴിമുട്ടിയിരിക്കുകയാണെന്ന് പിതാവ് ജയപ്രകാശ്. എസ്.എഫ്.ഐ നേതൃത്വത്തിന്റെ അറിവോടെയാണ് മകന്റെ കൊലപാതകം നടന്നതെന്നും മുഖ്യമന്ത്രിയെ ഇനി കാണാന്‍ ആലോചനയില്ലെന്നും ജയപ്രകാശ് പറഞ്ഞു. തിരുവനന്തപുരം കന്റോണ്‍മെന്റ് ഹൗസില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശനുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

തനിക്ക് വിശ്വാസമുള്ളതുകൊണ്ടാണ് പ്രതിപക്ഷ നേതാവിനെ കണ്ടതെന്ന് ജയപ്രകാശ് പറഞ്ഞു. ഇക്കാര്യത്തില്‍ അന്വേഷണം വൈകുന്ന കാര്യമാണ് പ്രതിപക്ഷ നേതാവിനെ അറിയിച്ചത്. ഭരണകക്ഷിയുടെ അടുത്തു പോയാല്‍ എന്താകുമെന്ന് അറിയാമല്ലേയെന്നും എസ്.എഫ്.ഐ നേതൃത്വത്തിന്റെ അറിവോടെയാണ് കൊലപാതകം നടന്നതെന്നും ജയപ്രകാശ് കൂട്ടിച്ചേര്‍ത്തു.

താന്‍ ചതിക്കപ്പെട്ടോയെന്ന് സംശയമുണ്ട്. അന്വേഷണം സി.ബി.ഐ ഇതുവരെ ഏറ്റെടുത്തിട്ടില്ല. അന്വേഷണം കൈമാറാന്‍ വിജ്ഞാപനം ഇറക്കിയതുകൊണ്ട് കാര്യമില്ല. മുഖ്യമന്ത്രി പറഞ്ഞു പറ്റിച്ചെന്നല്ല. പക്ഷെ, ചതിക്കപ്പെട്ടുവെന്ന തോന്നലുണ്ടെന്നും ജയപ്രകാശ് വ്യക്തമാക്കി. സംഭവത്തില്‍ തന്റെയും കുടുംബത്തിന്റെയും വായ് മൂടിക്കെട്ടിയെന്നും അദ്ദേഹം ആരോപിച്ചു.

സിദ്ധാര്‍ത്ഥന്റെ കൊലയാളികളെ രക്ഷിക്കാന്‍ സര്‍ക്കാരും സി.പി.എമ്മും ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ആരോപിച്ചു. കേസ് അട്ടിമറിക്കാനുള്ള നീക്കം ചെറുക്കുമെന്നും അദ്ദേഹം പറഞ്ഞു. അതിനിടെ, സിദ്ധാര്‍ഥന്റെ മരണത്തില്‍ അന്വേഷണ ശിപാര്‍ശ കൈമാറുന്നതില്‍ സര്‍ക്കാരിനു വീഴ്ച സംഭവിച്ചെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. വിജ്ഞാപനം കൈമാറിയെങ്കിലും കേസിന്റെ നാള്‍വഴി ഉള്‍പ്പെടുന്ന പെര്‍ഫോമ റിപ്പോര്‍ട്ട് കൈമാറാന്‍ വൈകുകയാണ്. ഈ റിപ്പോര്‍ട്ട് ലഭിച്ചാലേ സി.ബി.ഐ കേസ് പരിഗണിക്കുകയുള്ളൂ.