Connect with us

Kerala

സിദ്ധാര്‍ഥന്റെ മരണം; പ്രതികള്‍ എസ്എഫ്ഐ ആയാലും സംരക്ഷിക്കില്ലെന്ന് എം വി ഗോവിന്ദന്‍

മുഖം നോക്കാതെ നടപടി എടുക്കണമെന്നാണ് നിലപാടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

Published

|

Last Updated

തിരുവനന്തപുരം| പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ സിപിഎം ആരെയും സംരക്ഷിക്കില്ലെന്ന് സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പ്രതികള്‍ എസ്എഫ്ഐ ആയാലും മുഖം നോക്കാതെ നടപടി എടുക്കണമെന്നാണ് നിലപാടെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. സംഭവത്തില്‍ ആവശ്യമായ നിലപാട് സ്വീകരിക്കുമെന്ന് എസ്എഫ്ഐ പറഞ്ഞിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സിദ്ധാര്‍ത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് കാരണം കാണിക്കല്‍ നോട്ടീസ് കിട്ടിയ ഡീന്‍ എം.കെ നാരായണനും അസിസ്റ്റന്റ് വാര്‍ഡന്‍ ഡോ. കാന്തനാഥനും ഇന്ന് വിസിക്ക് വിശദീകരണം നല്‍കും. ഹോസ്റ്റലിലും കാമ്പസിലും ഉണ്ടായ സംഭവങ്ങള്‍ എന്തുകൊണ്ട് അറിഞ്ഞില്ല എന്നതാണ് നോട്ടീസില്‍ ചോദിക്കുന്നത്. ഇന്നലെ വൈകിട്ട് നാലരയ്ക്ക് മുന്‍പ് കാരണം ബോധിപ്പിക്കാനായിരുന്നു നിര്‍ദേശം. എന്നാല്‍ ഇരുവരും ആവശ്യപ്പെട്ട പ്രകാരം ഇന്ന് രാവിലെ പത്തര വരെ സമയം നീട്ടി നല്‍കി.

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായി പോലീസ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും. ഇന്നലെ 18 പ്രതികള്‍ക്കെതിരെ പോലീസ് ക്രിമിനില്‍ ഗൂഢാലോചന കുറ്റം ചുമത്തിയിരുന്നു. മര്‍ദനത്തിന് പിന്നില്‍ കൃത്യമായ ഗൂഢാലോചന നടന്നതായും, വീട്ടിലേക്ക് പോയ സിദ്ധാര്‍ഥനെ തിരിച്ചുവിളിച്ചത് ഇതിന് തെളിവാണെന്നും പോലീസ് കണ്ടെത്തി.പ്രതികള്‍ക്കെതിരെ കൊലപാതകശ്രമം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ചുമത്താത്തതില്‍ പോലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

സിദ്ധാര്‍ഥനെ ആള്‍ക്കൂട്ടവിചാരണ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് നാട്ടിലേക്ക് പോയിടത്തുനിന്ന് തിരിച്ചുവിളിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കുന്നുണ്ട്.അതേസമയം പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ഇന്ന് മുതല്‍ പത്തുവരെ റഗുലര്‍ ക്ലാസ് ഉണ്ടാകില്ലെന്ന് അക്കാദമിക് ഡയറക്ടര്‍ അറിയിച്ചു. എന്നാല്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടക്കുമെന്നും ഡയറക്ടര്‍ പറഞ്ഞു. രണ്ടാം വര്‍ഷ വെറ്ററിനറി സയന്‍സ് ബിരുദ വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണത്തിന് പിന്നാലെ കോളജില്‍ ഉണ്ടായ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ലേഡീസ് ഹോസ്റ്റലും അടയ്ക്കാനും തീരുമാനമായി.