Connect with us

Kerala

സിദ്ധാര്‍ഥന്റെ മരണം; കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായി പോലീസ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും

ഇന്നലെ 18 പ്രതികള്‍ക്കെതിരെ പോലീസ് ക്രിമിനില്‍ ഗൂഢാലോചന കുറ്റം ചുമത്തിയിരുന്നു.

Published

|

Last Updated

വയനാട്|പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കൂടുതല്‍ ചോദ്യം ചെയ്യലിനായി പോലീസ് പ്രതികളെ കസ്റ്റഡിയില്‍ വാങ്ങും. ഇന്നലെ 18 പ്രതികള്‍ക്കെതിരെ പോലീസ് ക്രിമിനില്‍ ഗൂഢാലോചന കുറ്റം ചുമത്തിയിരുന്നു. മര്‍ദനത്തിന് പിന്നില്‍ കൃത്യമായ ഗൂഢാലോചന നടന്നതായും, വീട്ടിലേക്ക് പോയ സിദ്ധാര്‍ഥനെ തിരിച്ചുവിളിച്ചത് ഇതിന് തെളിവാണെന്നും പോലീസ് കണ്ടെത്തി.

പ്രതികള്‍ക്കെതിരെ കൊലപാതകശ്രമം, ക്രിമിനല്‍ ഗൂഢാലോചന തുടങ്ങിയ ഗുരുതര കുറ്റങ്ങള്‍ ചുമത്താത്തതില്‍ പോലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു. സിദ്ധാര്‍ഥനെ ആള്‍ക്കൂട്ടവിചാരണ നടത്തുക എന്ന ലക്ഷ്യത്തോടെയാണ് നാട്ടിലേക്ക് പോയിടത്തുനിന്ന് തിരിച്ചുവിളിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പോലീസ് വ്യക്തമാക്കുന്നുണ്ട്.

അതേസമയം പൂക്കോട് വെറ്ററിനറി സര്‍വകലാശാലയില്‍ ഇന്ന് മുതല്‍ പത്തുവരെ റഗുലര്‍ ക്ലാസ് ഉണ്ടാകില്ലെന്ന് അക്കാദമിക് ഡയറക്ടര്‍ അറിയിച്ചു. എന്നാല്‍ ക്ലാസുകള്‍ ഓണ്‍ലൈനായി നടക്കുമെന്നും ഡയറക്ടര്‍ പറഞ്ഞു. രണ്ടാം വര്‍ഷ വെറ്ററിനറി സയന്‍സ് ബിരുദ വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണത്തിന് പിന്നാലെ കോളജില്‍ ഉണ്ടായ സംഭവങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ലേഡീസ് ഹോസ്റ്റലും അടയ്ക്കാനും തീരുമാനമായി.

തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി സിദ്ധാര്‍ഥ(21)നെ ഫെബ്രുവരി 18നാണ് ഹോസ്റ്റലിലെ കുളിമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. കോളജില്‍വെച്ച് സിദ്ധാര്‍ഥന് ക്രൂരമര്‍ദനവും ആള്‍ക്കൂട്ട വിചാരണയും നേരിടേണ്ടിവന്നുവെന്നാണ് പരാതി.