Kerala
സിദ്ധാര്‍ഥന്റെ മരണം; രണ്ട് പേര്‍ കൂടി പിടിയില്‍
ആലപ്പുഴ സ്വദേശി അഭി, കോഴിക്കോട് സ്വദേശി നസീഫ് എന്നിവരാണ് പിടിയിലായത്.
തിരുവനന്തപുരം|പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ഥന്റെ മരണത്തില്‍ പങ്കുള്ള രണ്ടു പേരെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ സ്വദേശി അഭി, കോഴിക്കോട് സ്വദേശി നസീഫ് എന്നിവരാണ് പിടിയിലായത്. ഇരുവരും സിദ്ധാര്‍ഥനെ മര്‍ദിച്ചതിലും ഗൂഢാലോചനയിലും പങ്കാളികളാണ്. ഇവരെ പോലീസ് വിശദമായി ചോദ്യം ചെയ്ത് വരികയാണ്. നിലവില്‍ പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തുവെന്ന് ഡിജിപി വ്യക്തമാക്കി.
ഇന്നു കാലത്ത് മുഖ്യമന്ത്രിയെ സന്ദര്‍ശിച്ച സിദ്ധാര്‍ഥന്റെ പിതാവ് മരണത്തില്‍ സി ബി ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി ഉറപ്പുനല്‍കിയിതായി സിദ്ധാര്‍ഥന്റെ പിതാവ് അറിയിച്ചതിന് പിന്നാലെ സി ബി ഐ അന്വേഷണത്തിനു നടപടികള്‍ സ്വീകരിച്ചുകൊണ്ടുള്ള ഔദ്യോഗിക ഉത്തരവിറങ്ങി. സര്‍ക്കാര്‍ തീരുമാനത്തെ സിദ്ധാര്‍ഥന്റെ കുടുംബം സ്വാഗതം ചെയ്തു. നീതി കിട്ടുമെന്നാണ് പ്രതീക്ഷയെന്ന് കുടുംബം പറഞ്ഞു. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയില്‍ പിതാവും ബന്ധുക്കളും സിദ്ധാര്‍ഥന്റെ മരണത്തില്‍ കുടുംബത്തിനുള്ള സംശയങ്ങള്‍ മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.
അതേസമയം സിദ്ധാര്‍ഥന്റെ മരണം സംബന്ധിച്ച അന്വേഷണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതാക്കള്‍ നടത്തി വന്ന നിരാഹാര സമരം അവസാനിപ്പിച്ചു. പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ സമരപ്പന്തലിലെത്തി രാഹുല്‍ മാങ്കൂട്ടത്തിലിനും ജെബി മേത്തര്‍ എംപിക്കും അലോഷ്യസ് സേവ്യറിനും നാരങ്ങാനീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്. കേസ് സിബിഐക്ക് വിടാന്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി സിദ്ധാര്‍ത്ഥിന്റെ കുടുംബത്തെ അറിയിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ അറിയിച്ചു. മുഖ്യമന്ത്രി വാക്ക് പാലിക്കുമെന്ന് വിശ്വസിക്കുന്നു. വാക്ക് തെറ്റിച്ചാല്‍ ഇതിനേക്കാള്‍ വലിയ സമരം സംഘടിപ്പിക്കുമെന്നും സതീശന്‍ പറഞ്ഞു.
നിങ്ങള്‍ നടത്തിയ പോരാട്ടം ഫലം കണ്ടെന്ന് നേതാക്കളോട് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. അന്വേഷണത്തിന്റെ തുടക്കത്തില്‍ പോലീസ് യാഥാര്‍ത്ഥ്യം മൂടിവയ്ക്കാന്‍ ശ്രമിച്ചുവെന്നും കേരളത്തിലെ യുവാക്കളുടെ രോഷത്തില്‍ നിന്നാണ് ഈ സമരം ഉയര്‍ന്നുവന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ പിണറായി വിജയനെ വിശ്വാസമില്ലെന്നും ഒരു പിതാവ് എന്ന നിലയില്‍ അദ്ദേഹം വാക്കുപാലിക്കുമെന്നാണ് കരുതുന്നതെന്നും രാഹുല്‍ മാങ്കൂട്ടത്തില്‍ പ്രതികരിച്ചു. തങ്ങളുടെ ആരോഗ്യനില മോശമാണെന്നും ആരോഗ്യത്തെക്കാള്‍ സിദ്ധാര്‍ഥന്റെ നീതിയാണ് പ്രധാനമെന്നും രാഹുല്‍ പറഞ്ഞു.