suicide of adivasi youth
ആദിവാസി യുവാവിന്റെ മരണം: ശരീരത്തിൽ ആറ് മുറിവുകൾ, മർദനമേറ്റ പാടുകളല്ലെന്ന്
ആൾക്കൂട്ട ആക്രമണത്തിന് തെളിവില്ലെന്ന് കമ്മീഷണർ
കോഴിക്കോട് | ഗവ. മെഡിക്കൽ കോളജ് പരിസരത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ ആദിവാസി യുവാവിന്റെ ശരീരത്തിൽ ആറ് മുറിവുകളുണ്ടെന്ന് ഫോറൻസിക് വിഭാഗം. എന്നാൽ, ഇത് മർദനമേറ്റ പാടുകളല്ലെന്നും 15 മീറ്ററോളം ഉയരമുള്ള മരത്തിൽ കയറുന്നതിനിടക്ക് സംഭവിച്ചതാണെന്നും ഫോറൻസിക് സർജൻ പോലീസിന് കൈമാറിയ പ്രാഥമിക റിപോർട്ടിൽ പറയുന്നു. വിശ്വനാഥൻ എന്ന ആദിവാസി യുവാവിന്റെ മരണത്തിൽ ആൾക്കൂട്ട ആക്രമണത്തിന് തെളിവുകൾ ലഭിച്ചിട്ടില്ലെന്ന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണറും വ്യക്തമാക്കി. സി സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചതിലൊന്നും ഇത്തരത്തിലുള്ള ദൃശ്യങ്ങൾ കണ്ടെത്താനായിട്ടില്ലെന്നാണ് പോലീസ് പറയുന്നത്. പരാതിയിൽ അന്വേഷണം പുരോഗമിക്കുകയാണ്.
ആശുപത്രിയിലെ സി സി ടി വി ദൃശ്യങ്ങൾ പോലീസ് പരിശോധിക്കുകയും സുരക്ഷാ ജീവനക്കാരിൽ നിന്ന് മൊഴിയെടുക്കുകയും ചെയ്തിട്ടുണ്ട്. വിശ്വനാഥനെ ആത്മഹത്യയിലേക്ക് നയിച്ച കാരണം കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. മരണത്തിൽ ദുരൂഹതയുണ്ടെന്ന് കുടുംബം ആരോപിച്ചിരുന്നു. മെഡിക്കൽ കോളജിൽ ഭാര്യയുടെ പ്രസവത്തിന് കൂട്ടിരിപ്പുകാരനായി എത്തിയ ഇദ്ദേഹത്തെ വെള്ളിയാഴ്ച മുതൽ കാണാനില്ലെന്ന് കുടുംബം പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മെഡിക്കൽ കോളജിന് സമീപം ആളൊഴിഞ്ഞ പറമ്പിൽ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിശ്വനാഥന്റെ ഭാര്യ ബിന്ദു ബുധനാഴ്ച പ്രസവിച്ചിരുന്നു. വിവാഹം കഴിഞ്ഞ് എട്ട് വർഷത്തിന് ശേഷമാണ് കുഞ്ഞ് ജനിച്ചത്.
ആശുപത്രി പരിസരത്ത് ഒരാളുടെ പഴ്‌സും ഫോണും കാണാതായ സംഭവത്തിൽ ആശുപത്രി സുരക്ഷാ ജീവനക്കാർ മോഷണക്കുറ്റം ആരോപിച്ച് ചോദ്യം ചെയ്തതിലുള്ള മനോവിഷമത്തെ തുടർന്നാണ് മരണമെന്നാണ് ബന്ധുക്കളുടെ പരാതി. ഫോൺ മോഷ്ടിച്ചത് വിശ്വനാഥനാണെന്ന് ആരോപിച്ച് ചിലർ മർദിച്ചുവെന്നും കുടുംബം വ്യക്തമാക്കിയിരുന്നു. മരണം സംബന്ധിച്ച് അന്വേഷണം നടത്തി ഒരാഴ്ചക്കകം റിപോർട്ട് സമർപ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുണ്ട്.