Kerala
വയനാട് വെറ്ററിനറി കോളജ് വിദ്യാര്‍ഥിയുടെ മരണം; ആറ് പേര്‍ കസ്റ്റഡിയില്‍
പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കുമെന്നാണ് വിവരം.
പൂക്കോട്| വയനാട് പൂക്കോട് വെറ്ററിനറി കോളജ് വിദ്യാര്‍ഥി സിദ്ധാര്‍ഥിന്റെ മരണത്തില്‍ ആറ് പേര്‍ കസ്റ്റഡിയില്‍. പ്രതികളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തിയേക്കുമെന്നാണ് വിവരം. രണ്ടാം വര്‍ഷ ബി.വി.എസ്.സി വിദ്യാര്‍ഥിയും തിരുവനന്തപുരം നെടുമങ്ങാട് സ്വദേശിയുമായ ജെ.എസ്. സിദ്ധാര്‍ഥനെ ക്യാമ്പസില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സിദ്ധാര്‍ഥിന്റെ മരണത്തിന് പിന്നില്‍ എസ് എഫ് ഐയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ആരോപിച്ചിരുന്നു.
അധ്യാപക സംഘടനാ നേതാക്കളുടെ സഹായവും എസ് എഫ് ഐക്ക് ലഭിച്ചു. ഡീന്‍ അടക്കമുള്ള കോളജ് അധികൃതര്‍ സംഭവം മറച്ചുവെച്ചു. എന്തും ചെയ്യാന്‍ മടിക്കാത്ത ക്രിമിനലുകളുടെ സംഘമാണ് എസ് എഫ് ഐയെന്നും സതീശന്‍ പറഞ്ഞിരുന്നു. പ്രതികളെ പിടികൂടാത്തതില്‍ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. എസ്.എഫ്.ഐ യൂണിറ്റ് സെക്രട്ടറിയും കോളജ് യൂണിയന്‍ പ്രസിഡന്റും അടക്കമുള്ള പ്രതികളെ പോലീസും കോളജ് അധികൃതരും സംരക്ഷിക്കുകയാണെന്നായിരുന്നു ആരോപണം.
എസ് എഫ് ഐയാണ് കൊലക്കു പിന്നിലെന്ന ആരോപണവുമായി സിദ്ധാര്‍ഥിന്റെ കുടുംബവും രംഗത്തെത്തിയിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലുള്ള 12 പേരെയും സംരക്ഷിക്കുന്നത് സി പി എമ്മാണെന്നും സിദ്ധാര്‍ഥിന്റെ പിതാവ് ആരോപിച്ചു .സിദ്ധാര്‍ഥ് ഗുരുതര പീഡനത്തിന് ഇരയായെന്നും ശരീരത്തില്‍ അനവധി മുറിവുകളുണ്ടെന്നും കുടുംബം പ്രതികരിച്ചു.
സംഭവത്തില്‍ എസ്എഫ്‌ഐ യൂണിറ്റ് സെക്രട്ടറി അമല്‍ ഇഹ്സാന്‍, കോളജ് യൂണിയന്‍ പ്രസിഡന്റ് കെ. അരുണ്‍, യൂണിയന്‍ അംഗം ആസിഫ് ഖാന്‍ എന്നിവരുള്‍പ്പെടെ ഒളിവില്‍ പോയ 12 പ്രതികളെ 10 ദിവസത്തിനുശേഷവും കണ്ടെത്താനാകാതെ സാഹചര്യത്തില്‍ കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. 24ന് വൈകിട്ട് വരെ പ്രതികളില്‍ ഭൂരിഭാഗവും കാമ്പസിലുണ്ടായിരുന്നു. പ്രതികള്‍ക്ക് ഒളിവില്‍ പോകാനുള്ള സൗകര്യമൊരുക്കിയതിനുശേഷമാണ് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയതെന്നുമാണ് ആരോപണം.