Domestic violence
ഭര്‍തൃവീട്ടില്‍ യുവതിയുടെ മരണം; മര്‍ദ്ദിച്ച ഭര്‍ത്താവിന്റെ അമ്മാവന്‍ കസ്റ്റഡിയില്‍
ഭര്‍ത്താവിന്റെ ഉമ്മയും സഹോദരിയും നിരന്തരമായി പീഡിപ്പിച്ചിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം
വടകര | ഓര്‍ക്കാട്ടേരി കുന്നുമ്മക്കരയിലെ ഭര്‍തൃവീട്ടില്‍ യുവതിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ യുവതിയെ മര്‍ദ്ദിച്ച ഭര്‍ത്താവിന്റെ അമ്മാവന്‍ കസ്റ്റഡിയില്‍.
തട്ടാര്‍കണ്ടി ഷെബിനയാണ് (30) തിങ്കളാഴ്ച രാത്രി മരിച്ചത്. ഷെബിനയുടെ ഭര്‍ത്താവ് ഹബീബിന്റെ അമ്മാവന്‍ കുന്നുമ്മക്കര സ്വദേശി ഹനീഫയെ ആണ് എടച്ചേരി പോലീസ് കസ്റ്റഡയില്‍ എടുത്തത്.
ഭര്‍തൃവീട്ടില്‍ വെച്ച് ഇയാള്‍ ഷബ്‌നയെ മര്‍ദിക്കുന്ന സി സി ടി വി ദൃശ്യങ്ങള്‍ കഴിഞ്ഞദിവസം ബന്ധുക്കള്‍ പുറത്തുവിട്ടിരുന്നു. ഐ പി സി സെക്ഷന്‍ 498 പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കൂടുതല്‍ വകുപ്പുകള്‍ ഉള്‍പ്പെടുത്തുന്ന കാര്യം അന്വേഷണത്തിനുശേഷം തീരുമാനിക്കുമെന്നു പോലീസ് അറിയിച്ചു. കസ്റ്റഡിയിലുള്ള ഹനീഫയുടെ അറസ്റ്റ് വൈകാതെ രേഖപ്പെടുത്തും. ഇതിന് മുമ്പും മര്‍ദ്ദനങ്ങള്‍ നടന്നിട്ടുണ്ടോ എന്ന കാര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്. ഇതിന് ശേഷമായിരിക്കും കൂടുതല്‍ പേരെ കേസില്‍ ഉള്‍പ്പെടുത്തുക.
മരിക്കുന്നതിന് കുറച്ചുമുമ്പ് ഭര്‍ത്താവിന്റെ ബന്ധു ഷെബിനയെ മര്‍ദ്ദിച്ചിരുന്നെന്നും അതിനുശേഷം മുറിക്കുള്ളില്‍പ്പോയ ഷെബിന പുറത്തുവരാതിരുന്നിട്ടും വീട്ടുകാര്‍ തിരിഞ്ഞുനോക്കിയില്ലെന്നുമാണ് ബന്ധുക്കളുടെ ആരോപണം. ഷെബിനയുടെ ഭര്‍ത്താവ് ഹബീബ് വിദേശത്താണ്. ഭര്‍ത്താവിന്റെ ഉമ്മയും സഹോദരിയും നിരന്തരമായി പീഡിപ്പിച്ചിരുന്നതായാണ് ബന്ധുക്കളുടെ ആരോപണം.
ഇതേത്തുടര്‍ന്ന് ഷെബിന വീടുമാറാന്‍ തീരുമാനിക്കുകയും വിവാഹസമയത്ത് നല്‍കിയ സ്വര്‍ണം തിരികെ ആവശ്യപ്പെടുകയും ചെയ്തു. ഇതിന്റെപേരിലാണ് തിങ്കളാഴ്ച തര്‍ക്കം നടന്നത്. ഭര്‍ത്താവിന്റെ ഉമ്മയും പിതാവും സഹോദരിയും ഉമ്മയുടെ സഹോദരനും ഈ സമയം വീട്ടിലുണ്ടായിരുന്നു. സംസാരിക്കുന്നതിനിടെ ഉമ്മയുടെ സഹോദരന്‍ കൈയോങ്ങിക്കൊണ്ട് ഷെബിനയ്ക്കുനേരെ പോകുന്നത് സി സി ടി വി ദൃശ്യത്തിലുണ്ട്.
ഇതിനുപിന്നാലെയാണ് ഷെബിന മുറിയില്‍ക്കയറി വാതിലടച്ചത്. അകത്തുനിന്നും ശബ്ദംകേട്ടപ്പോള്‍ പത്തുവയസ്സുകാരി മകള്‍ ഇക്കാര്യം ബന്ധുക്കളുടെ ശ്രദ്ധയില്‍ പെടുത്തിയെങ്കിലും ആരും വാതില്‍തുറക്കാന്‍ ശ്രമിച്ചില്ല. വീട്ടില്‍ എന്തോ പ്രശ്‌നമുണ്ടെന്ന് ഷെബിനയുടെ ഭര്‍ത്താവ് വിദേശത്തുനിന്ന് വിളിച്ചുപറഞ്ഞതിനെത്തുടര്‍ന്ന് ബന്ധുക്കള്‍ അരൂരില്‍നിന്ന് കുന്നുമ്മക്കരയില്‍ എത്തിയശേഷമാണ് വാതില്‍ ചവിട്ടിത്തുറന്നത്. അപ്പോഴേക്കും ഷെബിന മരിച്ചിരുന്നു.