Connect with us

International

ഗസ്സയിൽ മരണം അര ലക്ഷം കടന്നു; ആറ് ദിവസത്തിനിടെ മരിച്ചത് 600ലധികം പേർ; ആക്രമണം തുടരുന്നു

ഖാൻ യൂനിസിലും ഗസ്സയിലുമായി ഇന്ന് രാവിലെ മാത്രം 12 പേരാണ് കൊല്ലപ്പെട്ടത്.

Published

|

Last Updated

ഗസ്സ സിറ്റി | ഇസ്റാഈലിലെ സയണിസ്റ്റ് ഭരണകൂടം സംഹാരതാണ്ഡവമാടുന്ന ഫലസ്തീനിലെ ഗസ്സയിൽ മരണം അര ലക്ഷം കടന്നു. 2023 ഒക്ടോബർ ഏഴിന് തുടങ്ങിയ ആക്രമണത്തിൽ ഇതുവരെ മരിച്ചവരുടെ എണ്ണം 50,021 ആയതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,13,274 പേർക്ക് പരിക്കേറ്റതായും ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു. അതേസമയം, മരിച്ചവരുടെ യഥാർഥ കണക്ക് ഇതിലും വളരെ കൂടുതലാണെന്നാണ് ഫലസ്തീനികൾ പറയുന്നത്.

അതിനിടെ, ഗസ്സയിൽ ഇസ്റാഈൽ ആക്രമണം തുടരുകയാണ്. ഖാൻ യൂനിസിലും ഗസ്സയിലുമായി ഇന്ന് രാവിലെ മാത്രം 12 പേരാണ് കൊല്ലപ്പെട്ടത്. ഖാൻ യൂനിസിൽ ഇസ്രായേൽ സൈന്യം നടത്തിയ ബോംബാക്രമണത്തിൽ ആറ് പേരും തെക്കൻ നഗരത്തിലെ മേൻ പ്രദേശത്തെ ഒരു വീടിന് നേരെയുണ്ടായ ആക്രമണത്തിൽ നാല് പേരും മധ്യ ഗാസയിലെ നുസൈറത്ത് അഭയാർത്ഥി ക്യാമ്പിൽ നടത്തിയ ആക്രമണത്തിൽ രണ്ട് പേരുമാണ് കൊല്ലപ്പെട്ടത്. ഗസ്സയിലെ നാസർ ആശുപത്രിക്ക് നേരെയും ഇസ്റാഈൽ ആക്രമണം നടത്തി. ആക്രമണത്തിൽ ആശുപത്രിയിലെ പുരുഷന്മാരുടെ വാർഡ് പൂർണമായും തകർന്നു. 16 വയസ്സായ ഒരു കുട്ടി മരിച്ചു.

ജനുവരിയിൽ ഹമാസുമായി ഉണ്ടാക്കിയ വെടിനിർത്തൽ കരാർ ലംഘിച്ച് ചൊവ്വാഴ്ചയാണ് ഇസ്റാഈൽ ഗാസയിൽ ബോംബാക്രമണം പുനരാരംഭിച്ചത്. ആറ് ദിവസത്തിനുള്ളിൽ 600-ലധികം പേർ ആക്രമണങ്ങളിൽ കൊല്ലപ്പെട്ടിട്ടുണ്ട്.

Latest