International
മ്യാന്‍മറിലെ ഭൂകമ്പത്തില്‍ മരണം 1644 ആയി ഉയര്‍ന്നു
3408 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.

നയ്പിഡോ | മ്യാന്‍മറിനെ പിടിച്ചുകുലുക്കിയ ഭൂകമ്പത്തില്‍ മരണസംഖ്യ 1644 ആയി. അന്തര്‍ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. 3408 പേര്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ടുണ്ട്.
അതേസമയം തകര്‍ന്നടിഞ്ഞ കെട്ടിടങ്ങളുള്ള പല സ്ഥലത്തേക്കും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇപ്പോഴും എത്താനായിട്ടില്ല. പാലങ്ങളും റോഡുകളും ആകെ തകര്‍ന്ന നിലയിലാണ്.
മ്യാന്‍മറിലെ നഗരമായ മാന്‍ഡലെ തകര്‍ന്നടിഞ്ഞതായാണ് വിവരം. 1200 ബഹുനില കെട്ടിടങ്ങളാണ് ഇവിടെ മാത്രം തകര്‍ന്നിട്ടുള്ളത്. ഭൂകന്പത്തില്‍ ഏറ്റവും കുറഞ്ഞത് 10000 പേര്‍ക്കെങ്കിലും ജീവന്‍ നഷ്ടമായിട്ടുണ്ടാകാമെന്നാണ് യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ വിലയിരുത്തല്‍.
മ്യാന്‍മറില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 ഉം 6.4 ഉം രേഖപ്പെടുത്തിയ രണ്ട് ശക്തമായ ഭൂചലനങ്ങളാണ് വെള്ളിയാഴ്ച ഉണ്ടായത്. ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം മ്യാന്‍മറിലെ സാഗൈംഗില്‍ നിന്ന് 17 കിലോമീറ്റര്‍ അകലെയാണ്
അതേ സമയം ദുരിതാശ്വാസ സാമഗ്രികളുമായി ഇന്ത്യ നാല് നാവികസേന കപ്പലുകളും രണ്ട് വിമാനങ്ങളും അയക്കും. മെഡിക്കൽ സംഘം ആഗ്രയിൽ നിന്ന് പുറപ്പെട്ടിട്ടുണ്ട്. മൂന്നാമത്തെ എൻഡിആർഎഫ് സംഘവും ഉടൻ പുറപ്പെടും.ഐഎൻഎസ് സത്പുരയും ഐഎൻഎസ് സാവിത്രിയും ആണ് യാങ്കൂണിലേക്ക് പുറപ്പെട്ടത്. ഓപ്പറേഷന്‍ ബ്രഹ്‌മ എന്ന പേരില്‍ 40 ടണ്‍ ദുരിതാശ്വാസ വസ്തുക്കളാണ് മ്യാൻമറിലേക്ക് ഇന്ത്യ അയക്കുന്നത്