National
തെക്കന്‍ തമിഴ്‌നാട്ടിലെ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി
മൂന്നു ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി. ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചിട്ടില്ല.
ചെന്നൈ| തെക്കന്‍ തമിഴ്‌നാട്ടില്‍ കനത്ത മഴയെതുടര്‍ന്നുണ്ടായ പ്രളയത്തില്‍ മരിച്ചവരുടെ എണ്ണം പത്തായി വര്‍ധിച്ചു. പ്രളയത്തെതുടര്‍ന്ന് തിരുനെല്‍വേലി, തെങ്കാശി, തൂത്തുക്കൂടി എന്നീ മൂന്നു ജില്ലകളിലെ സ്‌കൂളുകള്‍ക്ക് ഇന്ന് അവധി പ്രഖ്യാപിച്ചു. തിരുനെല്‍വേലി-തിരുച്ചെന്തൂര്‍ റൂട്ടില്‍ ട്രെയിന്‍ ഗതാഗതം പുന:സ്ഥാപിച്ചിട്ടില്ല. തുടര്‍ന്ന് ഈ റൂട്ടിലെ 16 ട്രെയിനുകള്‍ റദ്ദാക്കി. ഈ സാഹചര്യത്തില്‍ കേന്ദ്രസംഘം ഇന്ന് തൂത്തുകുടിയിലെ പ്രളയമേഖലകള്‍ സന്ദര്‍ശിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
തെക്കന്‍ തമിഴ്‌നാട്ടിലെ പ്രളയബാധിത പ്രദേശങ്ങളില്‍ രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമായി നടക്കുന്നുണ്ട്. തൂത്തുക്കുടിയിലും തിരുനെല്‍വേലിയിലും സൈന്യത്തിന്റെയും ദേശീയ ദുരന്ത നിവാരണ സേനയുടെയും നേതൃത്വത്തിലാണ് രക്ഷാ പ്രവര്‍ത്തനം. ഡല്‍ഹി സന്ദര്‍ശനം പൂര്‍ത്തിയാക്കി ഇന്ന് മുഖ്യമന്ത്രി സ്റ്റാലിന്‍ വൈകിട്ട് മധുരക്ക് പോകും. നാളെ തൂത്തുകുടിയിലെ പ്രളയ മേഖലകള്‍ അദ്ദേഹം സന്ദര്‍ശിക്കും. തമിഴ്‌നാട്ടിലെ പ്രളയം ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്നും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 2000 കോടി രൂപ ഉടന്‍ അനുവദിക്കണമെന്നും മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഇന്നലെ പ്രധാനമന്ത്രിയായുള്ള കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിരുന്നു.