International
നേപ്പാളിലെ പ്രളയത്തില്‍ മരണം 170 ആയി; 42 പേരെ കാണാനില്ല
വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട 4,000 പേരെ നേപ്പാള്‍ സൈന്യവും നേപ്പാള്‍ പോലീസും സായുധ പോലീസ് സേനാംഗങ്ങളും ചേര്‍ന്ന് രക്ഷപ്പെടുത്തി
കാട്മണ്ഡു | നേപ്പാളില്‍ പേമാരിയിലും തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും ജീവന്‍ നഷ്ടമായവരുടെ എണ്ണം 170 ആയി ഉയര്‍ന്നു. 42 പേരെ കാണാതായതായും 111 പേര്‍ക്ക് പരുക്കേറ്റുവെന്നും ആഭ്യന്തര മന്ത്രാലയ വക്താവ് ഋഷിറാം പൊഖാരെല്‍ അറിയിച്ചു.വെള്ളപ്പൊക്കത്തില്‍ അകപ്പെട്ട 4,000 പേരെ നേപ്പാള്‍ സൈന്യവും നേപ്പാള്‍ പോലീസും സായുധ പോലീസ് സേനാംഗങ്ങളും ചേര്‍ന്ന് രക്ഷപ്പെടുത്തിയതായി പൊഖാരെല്‍ പറഞ്ഞു. ദുരിതബാധിതര്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ അടക്കം എല്ലാ സാമഗ്രികളും വിതരണം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വെള്ളപ്പൊക്കത്തില്‍ നേപ്പാളിലുടനീളം 322 വീടുകളും 16 പാലങ്ങളും തകര്‍ന്നു. കാഠ്മണ്ഡുവിനോട് അതിര്‍ത്തി പങ്കിടുന്ന ധാഡിംഗ് ജില്ലയില്‍ ശനിയാഴ്ചയുണ്ടായ മണ്ണിടിച്ചിലില്‍ ബസ് മണ്ണിനടിയില്‍പ്പെട്ട് 19 പേര്‍ മരിച്ചിരുന്നു.ഭക്തപൂര്‍ നഗരത്തില്‍ മണ്ണിടിച്ചിലില്‍ വീട് തകര്‍ന്ന് അഞ്ച് പേര്‍ മരിച്ചു. മക്വാന്‍പൂരില്‍ ഓള്‍ നേപ്പാള്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ നടത്തുന്ന പരിശീലന കേന്ദ്രത്തിലുണ്ടായ മണ്ണിടിച്ചിലില്‍ ആറ് ഫുട്‌ബോള്‍ താരങ്ങളും മരിച്ചു.