Connect with us

Story

മൃതി

അല്ലേലും ആരോരുമില്ലാത്ത ദരിദ്രരല്ലേ ഇവിടെ സംസ്കരിക്കാൻ വരാറുള്ളത്'. അതും പറഞ്ഞയാൾ നടന്നകന്നു.

Published

|

Last Updated

നിംതലഘട്ടിൽ ചിതക്ക് തീ കൊളുത്താനൊരുങ്ങുമ്പോൾ അവന്റെ കൈകൾ വിറകൊള്ളുന്നതെനിക്ക് കാണാമായിരുന്നു, അവിടെ ചുറ്റിപ്പറ്റി നിന്ന മനുഷ്യരോടവരെ പറ്റി ഞാൻ ചോദിച്ചറിഞ്ഞു.

“അവർ ആരെന്നോ ഒന്നും അറിഞ്ഞുകൂടാ, ദഹിപ്പിക്കാൻ വേണ്ടി എത്തിയപ്പോൾ ഒന്ന് കണ്ടു നിന്നുവെന്ന് മാത്രം. അല്ലേലും ആരോരുമില്ലാത്ത ദരിദ്രരല്ലേ ഇവിടെ സംസ്കരിക്കാൻ വരാറുള്ളത്’. അതും പറഞ്ഞയാൾ നടന്നകന്നു.

അഗ്നിക്കിരയാകുന്നത് അവന്റെ അമ്മയാണെന്നെനിക്ക് ബോധ്യപ്പെട്ടു. നിശബ്ദതയിലമർന്നിട്ടും അവന്റെ ഏങ്ങലടികൾ പറഞ്ഞുവെച്ചത് അമ്മയെന്ന സ്വരം മാത്രമായിരുന്നു. പതിവിന് വിപരീതമായി അന്ന് നിംതല ഘട്ട് പുക കൊണ്ട് മൂടി, ഇരുണ്ട ധൂപങ്ങൾ ഒഴുകിനടന്നു.
കത്തിയമർന്നു കൊണ്ടിരിക്കുന്ന ചിതയിലേക്ക് നോക്കി ധൃതിയിൽ ഞാൻ ചുവട് വെച്ചു,

നിമിഷാർധങ്ങൾക്കുള്ളിൽ ആ ചിതയിലേക്ക് ഒരു ദേഹത്തെയും കൂടി അഗ്നി സ്വാഗതം ചെയ്തു, അമ്മക്ക് വേണ്ടി, അമ്മയോട് കൂടി ആ മകനും വാന ലോകത്തേക്കായി യാത്രതിരിച്ചു. പിന്തിരിപ്പിച്ചു രക്ഷപ്പെടുത്താൻ ഒരു മനുഷ്യരും തുനിഞ്ഞിറങ്ങിയില്ല, ചാടിപ്പിടഞ്ഞു ചിതയൊരുക്കിയ ഇടത്തേക്ക് എത്തുമ്പോഴേക്കും എല്ലാം കെട്ടണഞ്ഞിരുന്നു, ഒരു ദേഹത്തിനൊരുക്കിയ ചിതയിൽ രണ്ട് ശരീരങ്ങൾ മൃതിയണഞ്ഞു.

എന്റെ ശരീരത്തിന് ചൂട് പിടിച്ചിരുന്നു, മുമ്പൊന്നും പിടികൂടാത്ത ഉഷ്ണം എന്നെ ഇറുക്കി ഞെരിച്ചു കൊണ്ടിരിന്നു, ആത്മാക്കളുടെ ശാന്തി ലോകത്ത് ഇരുവരുമൊന്നിച്ചു സന്തോഷം കൊള്ളേയിരിക്കുന്നുണ്ടാകും, ഭയവിഹ്വലതയിലവന് ഇനി മുഴുകിയിരിക്കേണ്ടി വരില്ല, ദേഹിയായി തലോടലേറ്റു മടിയിൽ തല ചായ്ച്ചു കിടക്കാൻ അവന് അമ്മയുണ്ട്, അമ്മക്ക് തന്റെ പൊന്നോമനയുമുണ്ട്.ഞാൻ നടന്നു നീങ്ങി. അന്തിച്ചുകപ്പിന്റെ മേഘക്കീറുകളിലൂടെ ആ ചിതാധൂപങ്ങൾ അപ്പോഴും പരന്നൊഴുകുന്നുണ്ടായിരുന്നു.